
കോട്ടയം: നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച് ചെളിനിറഞ്ഞ നിലയിൽ. സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം കൂടിയാണിവിടം. സ്‌റ്റേഡിയം നവീകരിക്കുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാകുന്നില്ല. നഗരസഭ ഒന്നിനും മുൻകൈ എടുക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രതിഷേധങ്ങൾ ഉയരുമ്പോൾ മാത്രം പേരിന് സ്റ്റേഡിയത്തിലെ കാടുകൾ വൃത്തിയാക്കി തടിതപ്പുന്ന നയമാണ് കാലാകാലങ്ങളായി സ്വീകരിക്കുന്നത്.
ഒരാൾ പൊക്കത്തിൽ പുല്ല്
മൈതാനത്ത് ഒരാൾപൊക്കത്തിലാണ് പുല്ല് വളർന്ന് നിൽക്കുന്നത്. മൈതാനത്തും കളിസ്ഥലങ്ങളിലും എല്ലാം കാട് വളർന്നിരിക്കുകയാണ്. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. സ്‌റ്റേഡിയത്തിലെ പുല്ല് വെട്ടിക്കളഞ്ഞ് പരിപാലിക്കുന്നതിൽ അധികൃതർ കൃത്യത പാലിക്കുന്നില്ല. ഫുട്‌ബാൾ സ്‌റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്, ബസ്‌ക്കറ്റ് ബാൾ സ്‌റ്റേഡിയം, വോളിബാൾ കോർട്ട് എന്നിവിടങ്ങളിലെല്ലാം പുല്ല് വളർന്നു. ഇതിനൊപ്പം ചെളിയും നിറഞ്ഞ നിലയിലാണ്. ട്രാക്ക് കാണാൻ പറ്റാത്ത രീതിയിലാണ് കാടുവളർന്നു നിൽക്കുന്നത്. സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളും കാടുപിടിച്ച നിലയിലാണ്.
ഇഴജന്തുക്കളെ പേടിക്കണം
സ്റ്റേഡിയത്തിൽ പ്രഭാതസായാഹ്ന സവാരിക്ക് നിരവധിയാളുകളാണ് എത്തുന്നത്. എന്നാൽ, പുല്ലു വളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളെ പേടിച്ച് നടക്കേണ്ട സ്ഥിതിയാണ്. സ്റ്റേഡിയത്തിന്റെ ഗാലറിക്ക് സമീപം ഓട തുറന്ന് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. പ്രഭാത സവാരിക്ക് എത്തുന്നവർ ടോർച്ചുമായാണ് ഇവിടെയെത്തുന്നത്. സ്റ്റേഡിയത്തിന് സമീപം നിൽക്കുന്ന മരങ്ങളിൽ നിരവധി നീർക്കാക്കളാണ് കൂടുവെച്ചിരിക്കുന്നത്. ഇവയുടെ കാഷ്ഠം വീണു കിടക്കുന്നതും പ്രതിസന്ധിയാകുന്നു.