e

കോട്ടയം: സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ (എസ്.എം.ഇ) ഒന്നാംവർഷ എം.എൽ.ടി വിദ്യാർത്ഥി അജാസ് ഖാൻ (19) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപകരായ സീന, റീനു എന്നിവരെ സ്ഥലംമാറ്റി. അദ്ധ്യാപകരുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജിന് മുൻപിൽ സമരം നടത്തിയതിന് പിന്നാലെയാണ് നടപടി. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു. സമരത്തിൽ അജാസിന്റെ പിതാവ് ഷിബുവും പങ്കെടുത്തു.

കഴിഞ്ഞ മൂന്നിന് ആർപ്പൂക്കരയിലെ ഹോസ്റ്റലിൽ നിന്നു കാണാതായ തിരുവനന്തപുരം ചാരുവിള പുത്തൻവീട്ടിൽ അജാസ് ഖാനെ അടുത്തദിവസം കുടമാളൂർ പാലത്തിന് സമീപത്തെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ചത് അദ്ധ്യാപകരുടെ മാനസിക സമ്മർദ്ദം മൂലമാണെന്നും പരീക്ഷാസമയം കഴിയുന്നതിന് അരമണിക്കൂർ മുൻപ് ഉത്തരക്കടലാസ് ബലമായി പിടിച്ചു വാങ്ങിയെന്നും സഹപാഠികൾ ആരോപിച്ചു.

എന്നാൽ, പരീക്ഷയുടെ സമ്മർദ്ദം മൂലമാണ് മരണമെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. അജാസിന്റെ കുടുംബത്തിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.