
എലിക്കുളം : സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ഭൂമിക കൃഷിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ എലിക്കുളം പഞ്ചായത്തിൽ 5ാം വാർഡിൽ കൃത്യതാ കൃഷി രീതിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. 50 സെന്റ് സ്ഥലത്ത് 1000 ഹൈബ്രിഡ് വെണ്ടയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. 4 അടി അകലത്തിൽ 2 അടി ഉയരത്തിൽ തയാറാക്കിയ തടത്തിൽ അടിവളമായി ആവശ്യത്തിന് ജൈവ വളം ചേർത്ത ശേഷം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തുള്ളി നനയിലൂടെ വെള്ളവും വളവും കൃത്യമായ അളവിൽ കൃത്യ സമയത്ത് നൽകുന്നതാണ് കൃത്യതാ കൃഷി.
എലിക്കുളം വലിയ മുണ്ടക്കൽ പുരയിടത്തിൽ നടന്ന വിത്തിടീൽ മഹോത്സവത്തിൽ വാർഡ് മെമ്പർ ദീപാ ശ്രീജേഷ്, ഭൂമിക കൃഷിക്കൂട്ടം അംഗങ്ങളായ ബൈജു കൊടിപ്പറമ്പിൽ, ഷിജു വി. നായർ, എം.ജി.എം. യു.പി. സ്‌കൂൾ മാനേജർ രഘു , കെ.ആർ. രമേഷ് കണ്ണ മുണ്ടയിൽ, ബി. ശശിധരൻ നായർ, ശ്രീജേഷ്, അജിത് കുമാർ, കൃഷി ഓഫീസർ കെ. പ്രവീൺ എന്നിവർ പങ്കെടുത്തു.