minister

പുതുപ്പള്ളി: പുതുപ്പള്ളിയിൽ പുതുതായി പണികഴിപ്പിക്കുന്ന മിനി സിവിൽ സ്റ്റേഷന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി.രാജേഷ്. പുതുപ്പള്ളിയിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നൽകിയതിനെ ചൊല്ലി വിവാദം ഉയർന്നതിനെ തുടർന്നാണിത്. കമ്മ്യൂണിറ്രി ഹാളിന് ഇ.എം.എസിന്റെ പേര് പ്രഖ്യാപിച്ച ചടങ്ങിലായിരുന്നു മന്ത്രിയുടെ അറിയിപ്പ്.

കമ്മ്യൂണിറ്റി ഹാളിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഉപവാസ സമരമുൾപ്പടെ നടത്തിയിരുന്നു. പുതുപ്പള്ളി കവലയോടുചേർന്നുള്ള കമ്മ്യൂണിറ്റി ഹാൾ നവീകരിച്ച പുതുപ്പള്ളി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി ഇ.എം.എസിന്റെ പേര് നൽകാൻ തീരുമാനിച്ചതോടെയാണ് വിവാദം തുടങ്ങിയത്. യു.ഡി.എഫ് ഭരിക്കുമ്പോൾ ഉപയോഗിക്കാതെ കിടന്ന കമ്മ്യൂണിറ്റി ഹാൾ ഇടത് ഭരണസമിതിയെത്തിയപ്പോൾ വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിലാക്കി. വഴി മതിൽകെട്ടി തിരിച്ച് ടാറിടുകയും ചെയ്തു.

പുതുപ്പള്ളിയിലെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരു മുതിർന്ന നേതാവ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, വിവാദമായ സാഹചര്യത്തിൽ വസ്തുത ജനങ്ങളെ ബോധിപ്പിക്കാൻ പങ്കെടുക്കുകയാണ് വേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു.

ഇ.എം.എസിനെ മാത്രമേ ആദരിക്കാവൂവെന്ന നിലപാട് ഇടതുപക്ഷത്തിനില്ല. മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകാനുള്ള തീരുമാനം ചാണ്ടി ഉമ്മനെ അറിയിക്കാൻ അദ്ദേഹവുമായി ബന്ധപ്പെട്ടെങ്കിലും സാധിച്ചില്ല. പുതുപ്പള്ളിയിലെ ഇ.എം.എസ് സ്മാരകഹാളും ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മിക്കുന്ന സിവിൽ സ്റ്റേഷനും രാഷ്ട്രീയ സഹിഷ്ണുതയുടെ ഉദാഹരണമായി നിലനിൽക്കും. സിവിൽ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു.