
വൈക്കം: 2024 ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്‌കരണ നടപടി വൈകുന്നതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ സമരപരിപാടികൾ ആവിഷ്‌കരിക്കാൻ കെ.എസ്.എസ്.പി.എ മറവൻതുരുത്ത് മണ്ഡലം സമ്മേളനം തീരുമാനിച്ചു. കുടിശ്ശികയായ ആറ് ഗഡു സമാശ്വാസ പെൻഷൻ, പരിഷ്‌കരണത്തിന്റെ നാലാം ഗഡു എന്നിവ അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. പെൻഷൻ സംഘടന മണ്ഡലം പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ പുതിയ മെമ്പർമാരെ സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹൻ തോട്ടുപുറം മുഖ്യപ്രഭാഷണം നടത്തി. സി.കെ സദാനന്ദൻ, വാർഡ് മെമ്പർ പോൾ തോമസ്, എം.കെ ശ്രീരാമചന്ദ്രൻ, പി.വി സുരേന്ദ്രൻ, ലീല അക്കരപ്പാടം, ബി.ഐ പ്രദീപ്കുമാർ, ടി.എൻ രമേശൻ, സി.കെ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.