
ഭരണങ്ങാനം : ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ഇത്രയും കാലം കാത്തിരിക്കണോ ? ഭരണങ്ങാനത്തുകാർ ഇങ്ങനെ ചോദിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിലെ ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും നിലവാരമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. വേനൽക്കാലത്തും മഴക്കാലത്തും വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്.
തിരക്കേറിയ ഭരണങ്ങാനം ടൗണിലെത്തുന്ന ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളും നൂറു കണക്കിന് തീർത്ഥാടകരും യാത്രക്കാരും മഴയും വെയിലുമേറ്റ് കട വരാന്തകളിലും റോഡരികിലും നിൽക്കേണ്ട ഗതികേടിലാണിപ്പോൾ.
ഭരണങ്ങാനം പള്ളിക്ക് എതിർവശത്ത് താത്കാലികമായി കാത്തിരിപ്പ് കേന്ദ്രമുണ്ടങ്കിലും സൗകര്യങ്ങൾ പോരാ. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗിനു പോലും സ്ഥലസൗകര്യമില്ലാത്ത ഭരണങ്ങാനത്ത് റോഡിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
അഞ്ച് സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഭരണങ്ങാനത്ത് ദിവസവും വന്നു പോവുന്നത്. ടൗണിൽ ബസ്‌ബേയോടുകൂടിയ കാത്തിരുപ്പ് കേന്ദ്രം നാളുകളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നും ഭരണങ്ങാനത്തിന് 95.5 ലക്ഷം അനുവദിച്ചതിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 10 ലക്ഷം രൂപ ഉൾപ്പെടുത്തിയിരുന്നെങ്കിലും തുക തികയാത്തതിനാൽ നടപ്പിലാക്കാൻ സാധിച്ചില്ല.
വീതിയേറിയ ഇടപ്പാടി ജംഗ്ഷനിൽ പാലാ ഭാഗത്തേക്കും ഈരാറ്റുപേട്ട ഭാഗത്തേക്കും രണ്ടു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അത്യാവശ്യമാണ്. ഇടപ്പാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എം.എൽ.എ. ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ചിലരുടെ എതിർപ്പുമൂലം നിർമ്മാണം നടത്തുവാനായില്ല.
തിരക്കേറിയ ഭരണങ്ങാനം ടൗണിൽ ബസ് ബേയോടു കൂടിയതും നിലവാരമുള്ളതുമായ കാത്തിരിപ്പ് കേന്ദ്രം അനിവാര്യമാണ്. പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും യോജിച്ച് ഫണ്ട് കണ്ടെത്തി നിർമാണം നടത്തണം - വിനോദ് വേരനാനി, പഞ്ചായത്തംഗം