accident

പാലാ: കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ പാലാ ബൈപ്പാസിലുണ്ടായ അപകടത്തെ തുടർന്ന് അടിയിൽ കുരുങ്ങിയ സ്‌കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. സ്‌കൂട്ടറിന് സമീപം നിന്ന മേവട സ്വദേശികളായ അലൻ കുര്യൻ (26),​ നോബി (25) എന്നിവരെ ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിന് സമീപം റോഡരികിൽ സംസാരിച്ചുനിൽക്കുകയായിരുന്ന യുവാക്കളുടെയും സ്‌കൂട്ടറിന്റെയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടശേഷം നിർത്താതെപോയ ലോറി മരങ്ങാട്ടുപിള്ളിക്ക് സമീപം വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഡ്രൈവർ ലോറിയിൽ നിന്നും ഇറങ്ങിയോടി. വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി. ഡ്രൈവർ മദ്യലഹരിയിരുന്നു എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 8 കിലോമീറ്റർ റോഡിൽ ഉരഞ്ഞ സ്‌കൂട്ടർ പൂർണമായും നശിച്ചു.