കോട്ടയം: വ്യവസായ സൗഹൃദ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതായി കേരളത്തെ എത്തിച്ചതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാനപ്പെട്ട പങ്കുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറ‌ഞ്ഞു. തിരുവാർപ്പ് പഞ്ചായത്തിൽ നവീകരിച്ച കൗൺസിൽ ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ സൂചികയിൽ ഒൻപതു വിഭാഗങ്ങളിലാണ് കേരളം മുന്നിലെത്തിയത്. അതിൽ പ്രധാനപ്പെട്ടതെല്ലാം തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനം, സർട്ടിഫിക്കറ്റുകൾ ഓൺലൈനാക്കിയത് എന്നിവയൊക്കെയാണ് നമ്മുടെ റാങ്കിങ്ങിനെ സ്വാധീനിച്ചതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടക്കുന്ന മണ്ഡലത്തിലെ മാലിന്യമുക്ത പ്രവർത്തനങ്ങളെയും മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, സ്ഥിരം സ്മിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു തുടങ്ങിയവർ സംസാരിച്ചു.