
കോട്ടയം: ഞങ്ങൾ കരുത്തറിയിക്കും. കിരീടം കോട്ടയത്തേക്ക് എത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് കോട്ടയം ക്ലബുകൾ നെഹ്റു ട്രോഫിക്കായി പുന്നമടയിലേക്ക് എത്തുക. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പരിശീലനം പൂർത്തിയാക്കുമ്പോൾ ക്ലബുകൾക്ക് തികഞ്ഞ വിജയപ്രതീക്ഷ മാത്രം.
കുമരകം ബോട്ട് ക്ലബ് മേൽപ്പാടം ചുണ്ടനിലും കുമരകം ടൗൺ ബോട്ട്ക്ലബ് നടുഭാഗം ചുണ്ടനിലും ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയദിവാൻജി ചുണ്ടനിലും പുന്നമടയിൽ പോരിനിറങ്ങും. ചാട്ടുളിപോലെ പായാൻ മൂന്നു വള്ളങ്ങളും കരക്കു കയറ്റി മീനെണ്ണയും പോളീഷും പുകയുമിട്ടു മിനുക്കും.
കുമരകം ടൗൺ ബോട്ട് രണ്ടു തവണയായി ഒരുമാസത്തോളം പരിശീലനം നടത്തിയതിൽ 75 ലക്ഷം രൂപയോളം ചെലവായി. കരക്കു കയറ്റി വള്ളം പൊളീഷ് ചെയ്ത് ഇറക്കുന്നതിന് ഇനി നാലു ലക്ഷം കൂടി ചെലവാകും. നെഹ്റുട്രോഫി മാറ്റിവെച്ചതോടെ അന്യസംസ്ഥാന തുഴച്ചിൽകാർ നാട്ടിൽ പോയി. വീണ്ടും മടങ്ങിയെത്തി. നടുഭാഗം ചുണ്ടനിൽ ഒരാഴ്ചത്തെ തീവ്ര പരിശീലനം പൂർത്തിയാവുമ്പോൾ മികച്ച സമയം നിലനിറുത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ടീം.
പരിശീലന തുഴച്ചിലിൽ മികച്ച സമയം കുറിക്കാൻ കഴിഞ്ഞുവെന്നത് പ്രതീക്ഷ നൽകുന്നു. ബോട്ട് ലീഗ് മത്സരം തുടർന്നു നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിനിൽക്കുന്ന ബോട്ട് ക്ലബുകൾക്ക് ആശ്വാസമാണ് .
കെ.മിഥുൻ (കുമരകം ടൗൺബോട്ട് ക്ലബ്ബ് )