കോട്ടയം: ജില്ലയിൽ കാപ്പികൃഷിക്ക് പുത്തനുണർവേകാൻ കർഷക കൂട്ടായ്മ ഒരുങ്ങുന്നു. മുമ്പ് സജീവമായിരുന്ന പല കർഷകരും വിലയിടിവിനെ തുടർന്ന് കാപ്പികൃഷിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകരുടെ പുതിയ ചുവയുവെയ്പ്പ്. കാപ്പിക്കുരു വില ഉയർന്നതിനെ തുടർന്ന് കൃഷി പുനരാരംഭിക്കാൻ കർഷകർ രംഗത്തുണ്ട്. കോഫി ബോർഡിന്റെ പദ്ധതികൾ കർഷകർക്ക് ലഭ്യമാക്കി മേഖലയെ ശക്തിപ്പെടുത്താനാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ കൃഷി ചെയ്യുന്നവർക്കാണ് ബോർഡ് ആനുകൂല്യങ്ങൾ നൽകുന്നത്.
പദ്ധതിയുടെ ഗുണം
പുനർകൃഷി, ജലസേചനം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. വ്യക്തികൾക്ക് പുറമേ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) വഴിയും പദ്ധതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ബോർഡ് നിർദേശിക്കുന്ന ഉയരത്തിലുള്ള പ്രദേശമല്ലാത്തതിനാൽ പദ്ധതിയുടെ പ്രയോജനം ജില്ലയ്ക്ക് ലഭിക്കില്ല. ഇത് മറികടക്കാനാണ് എഫ്.പി.ഒകളുടെ രൂപീകരണത്തിന് ഒരുങ്ങുന്നത്. ബോർഡിൽ നിന്നും കാപ്പി വിത്തുകൾ വിലക്ക് വാങ്ങി മുളപ്പിച്ച് തൈകൾ എഫ്.പി.ഒകൾ വഴി കുറഞ്ഞ വിലക്ക് കർഷകർക്ക് ലഭ്യമാക്കും. കാലാവസ്ഥയ്ക്ക് കൂടി അനുയോജ്യമായ സങ്കരയിനം തൈകളാണ് ഉൽപാദിപ്പിച്ച് നൽകുക.
കാപ്പിപ്പൊടിയ്ക്ക് കിലോയ്ക്ക് 720 രൂപയാണ് നിലവിൽ വില. ഇതേ തുടർന്ന് കാപ്പി കൃഷിയിലേക്ക് എത്താൻ കൂടൂതൽ പേർ താൽപര്യം കാട്ടിയതോടെയാണ് കൂട്ടായ്മ രൂപീകരിക്കുന്നത്.
എബി ഐപ്പ് ,കർഷകൻ