anitha

തലയോലപ്പറമ്പ്: ഉന്നത വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ അഡീഷണൽ സ്‌കിൽസ് അക്വിസിഷൻ പ്രോഗ്രാം (അസാപ്) ആരംഭിക്കുന്നു. ബിരുദ, പി.ജി വിദ്യാർത്ഥികൾക്ക് പതിവ് പാഠ്യപദ്ധതിക്കൊപ്പം ഗുണനിലവാരമുള്ള നൈപുണ്യ വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോളേജിൽ അസാപ് പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. അനിതയും പ്രോഗ്രാം മാനേജർ അനു പോളും ചേർന്ന് ഒപ്പുവെച്ചു. കോഓർഡിനേ​റ്റർ ഡോ. ശ്രുതി ആശ, ഡോ. രമാലക്ഷ്മി പൊതുവാൾ എന്നിവർ പങ്കെടുത്തു.
റെഗുലർ കോഴ്‌സുകൾക്കൊപ്പം തൊഴിൽ വൈദഗ്ധ്യം നൽകുന്ന വെബ് ഡിസൈനിങ്ങ്, മൊബൈൽ ആപ്പ് ഡവലപ്‌മെന്റ്, ഡിജി​റ്റൽ ഫ്രീലാൻസിങ്ങ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, ഐ.ടി ഹാർഡ്‌വെയർ, ഫി​റ്റ്‌നസ് ട്രെയിനിങ്ങ് ഉൾപ്പെടെ 15ഓളം കോഴ്‌സുകളാണ് അസാപ് ഡി.ബി കോളേജിൽ നടത്തുന്നത്. അസാപിനൊപ്പം വിവിധ കമ്പനികളുടെ സഹകരണത്തോടെ പ്ലേസ്‌മെന്റ് ഡ്രൈവുകളും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ആർ. അനിത അറിയിച്ചു.