കോട്ടയം: ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ (മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിംഗ് ഒക്‌ടോബർ ഒന്നിന് അവസാനിക്കും. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിംഗ് നടത്തണം. 2024 ആഗസ്റ്റ് അഞ്ചു മുതൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ അംഗങ്ങൾ ഒഴികെയുള്ള മറ്റ് അംഗങ്ങൾ റേഷൻ കടയിലെത്തി മസ്റ്ററിംഗ് നടത്തണം.
സമയക്രമം പുനക്രമീകരിച്ചു
2024 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ ഇകെവൈസി മസ്റ്ററിംഗിനു വേണ്ടി ജില്ലയിലെ എല്ലാ റേഷൻകടകളുടെയും സമയക്രമം പുനക്രമീകരിച്ചു.
രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ റേഷൻ വിതരണവും മസ്റ്ററിംഗും.
ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ മസ്റ്ററിംഗ് മാത്രം. വൈകുന്നേരം മൂന്നു മുതൽ 4 വരെ മസ്റ്ററിംഗ് മാത്രം.
വൈകുന്നേരം നാലു മുതൽ ഏഴു വരെ റേഷൻ വിതരണവും മസ്റ്ററിംഗും.
ഒക്‌ടോബർ 29ന് രാവിലെ 9 മുതൽ ഒന്നു വരെയും വൈകുന്നേരം 3 മുതൽ 6 വരെയും മസ്റ്ററിംഗ് നടത്തും.
ശ്രദ്ധിക്കുക
ഇ പോസ് യന്ത്രത്തിൽ വിരലുപയോഗിച്ച് മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തവർക്കു രണ്ടാം ഘട്ടമായി ഐറിസ് സ്‌കാനർ മുഖേന മസ്റ്ററിംഗ് നടത്താം. 10 വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ അപ്‌ഡേഷൻ ചെയ്തശേഷം മസ്റ്ററിംഗ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0481 2560371