
എലിക്കുളം: വഴിയോരവും പൊതുഇടങ്ങളും ക്ലീൻ. ഇവിടെ മാലിന്യമില്ല ദുർഗന്ധമില്ല. എലിക്കുളം പഞ്ചായത്തിൽ വൃത്തി മസ്റ്റാണ്. ക്ലീൻ എലിക്കുളം ഗ്രീൻ എലിക്കുളം പദ്ധതിയുടെ നേട്ടമാണിത്. ഒരു പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല അത് വിജയകരമായി നടപ്പാക്കാമെന്നതിന് മാതൃകകൂടിയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഓരോ വാർഡിലും മെമ്പർമാരുടെയും ഹരിതകർമ്മസേനയുടേയും നേതൃത്വത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ച് പഞ്ചായത്താകെ വെടിപ്പാക്കുന്ന പരിപാടി തുടരുകയാണ്. കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഒപ്പമുണ്ട്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയും മറ്റ് ഗ്രാമീണ റോഡുകളും മാലിന്യമുക്തമാക്കുന്നതിനൊപ്പം ഉദ്യാനവത്ക്കരണവും നടപ്പാക്കി. വഴിയോരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മഴക്കാലപൂർവശുചീകരണത്തിന്റെ ഭാഗമായി ഓരോ വാർഡിനും 15000രൂപ വീതം അനുവദിച്ചു. അനുവദിച്ച തുകയ്ക്ക് അപ്പുറം ക്ലീൻ എലിക്കുളം പദ്ധതി നാട്ടുകാർ ഏറ്റെടുത്ത് നടപ്പാക്കുകയാണ്.
ഒപ്പമുണ്ട്, പിന്തുണയുണ്ട്
പ്രസിഡന്റ് ജിമ്മി ജേക്കബ്, മുൻ പ്രസിഡന്റ് എസ്.ഷാജി എന്നിവരും മറ്റ് മെമ്പർമാരും നിർദ്ദേശങ്ങളുമായി കൂടെയുണ്ട്. മാലിന്യനിർമ്മാർജ്ജനത്തിന് ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതും ഫണ്ട് കുറവായതും വെല്ലുവിളിയാണെങ്കിലും ഏവരും കൈകോർത്ത് പദ്ധതി വിജയമാക്കുകയാണ്.
മാലിന്യം തള്ളലും വെല്ലുവിളിയാകുന്നുണ്ട്. എന്നാൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഒന്നിച്ച് രംഗത്തുണ്ട്.
മാലിന്യം തള്ളുന്നവരെ പിടികൂടിയാലും പിഴയടച്ച് രക്ഷപെടുകയാണ് പതിവ്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിരിക്കാനും കുറ്റക്കാർ രക്ഷപെടാതിരിക്കാനും ശക്തമായ നടപടികളാണ് വേണ്ടത്.
ജിമ്മി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ്