road

കട്ടപ്പന : ടാറിങ്ങിന് പിന്നാലെ മലയോര ഹൈവേയിൽ വിള്ളൽ രൂപപ്പെട്ടു. കാഞ്ചിയാർ ലബ്ബക്കടയിലാണ് കഴിഞ്ഞദിവസം ചെയ്ത ടാറിങ്ങിന് തൊട്ടുപിന്നാലെ പാതയിൽ വലിയ വിള്ളലുകൾ ഉണ്ടായത്. നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു.

മലയോര ഹൈവേ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു എന്ന് നാളുകളായി ഉയരുന്ന ആക്ഷേപമാണ്. ഹൈവേ നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷത്തിന് മുകളിലായി. എന്നാൽ തുടക്കത്തിൽ ഉണ്ടായിരുന്നത്ര വേഗത നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നീട് ഉണ്ടായില്ല . ഏതാനും ആഴ്ചകൾക്ക് മുൻപാണ് കാഞ്ചിയാർ ലബ്ബക്കട ഭാഗങ്ങളിൽ ബി. എം.ബി സി നിലവാരത്തിൽ ടാറിങ് നിർമ്മാണം പൂർത്തിയാക്കിയത്.