കോട്ടയം: സർവ്വതിനും തീവിലയാണ്. തേങ്ങയുടെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്. വില 60ലേക്ക് എത്തുമ്പോൾ നാളികേര കർഷകർക്ക് പോലും അന്താളിപ്പ്. കേരളത്തിൽ തെങ്ങുകൾക്ക് വ്യാപകമായി രോഗം ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങലുടെ ഉത്പാദനം താഴേക്കാണ്.

തമിഴ്നാട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. നവരാത്രി, ദീപാവലി സീസൺ ആരംഭിക്കാനിരിക്കെ വില ഇനിയും ഉയർന്നേക്കും. തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയുടെ വിലയിലും പ്രതിഫലിച്ച് തുടങ്ങി. വെളിച്ചെണ്ണ വിലയും 250ലേക്കെത്തി. വില വരുദിവസങ്ങളിൽ ഉയരുമെന്നും വ്യാപാരികൾ പറയുന്നു.

നേട്ടം കർഷകർക്കല്ല, കച്ചവടക്കാർക്ക്

തേങ്ങയുടെ ചില്ലറവില 65ഉം ആയി ഉയർന്നെങ്കിലും സാധാരണ കർഷകർക്ക് മൊത്തക്കച്ചവടക്കാർ 45 രൂപയിൽ താഴയേ നൽകുന്നുള്ളൂ.

സാധാരണ ഓണം സീസണിൽ തേങ്ങ, വെളിച്ചെണ്ണ വില ഉയരാറുണ്ടെങ്കിലും ഓണത്തിനു ശേഷം വില ഇടിയാറുണ്ട്. ആ പതിവ് തെറ്റിച്ചാണ് ഇപ്പോഴത്തെ വിലവർദ്ധനവ്. ഓണക്കാലത്ത് കിലോയ്ക്ക് 200 രൂപയിലായിരുന്ന വെളിച്ചെണ്ണ വില 240-250ലേക്ക് കടന്നത് രണ്ടാഴ്ചക്കുള്ളിലാണ്. ഇതിനൊപ്പം പാമോയിൽ ,സൂര്യകാന്തി ഓയിൽ വില ഉയർന്നു. പാമോയിൽ വില 90 രൂപയിൽ നിന്ന് 125ലേക്ക് ഉയർന്നു.

കൊപ്രയ്ക്ക് കടുത്തക്ഷാമം

കൊപ്ര ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. 100 രൂപയായിരുന്ന കൊപ്ര വില 150ലേക്കെത്തി. കാലാവസ്ഥാ വ്യതിയാനം മൂലം തമിഴ്നാട്ടിൽ തേങ്ങ ഉത്പാദനം കുറഞ്ഞതോടെയാണ് കൊപ്ര, വെളിച്ചെണ്ണ വില വർദ്ധിച്ചത്. കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി,മറ്റു സൗന്ദര്യ വർദ്ധിത ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാൻ കാരണമായി.

ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ നികുതി വർദ്ധിപ്പിച്ചതും വെളിച്ചെണ്ണ വില വർദ്ധനവിന് കാരണമായി.

തമിഴ്നാട് മില്ലുകളുടെ ഇടപെടലാണ് വെളിച്ചെണ്ണ വില കുതിച്ചുയരാൻ കാരണം. സർക്കാരിന്റെ ശ്രദ്ധ വിഷയത്തിൽ ഉണ്ടാകണം .

എബി ഐപ്പ് (കർഷകൻ )