collectrte

കോട്ടയം : ഇത് പഴയ വാഹനങ്ങളുടെ പ്രദർശനമല്ല. ഒരുകാലത്ത് സർക്കാർ ബോർഡ് വച്ച് രാജകീയമായി നിരത്തുകളിൽ നിറഞ്ഞ് നിന്നിരുന്ന വാഹനങ്ങൾ. ഏറെയും അംബാസിഡറും, ജീപ്പും. പക്ഷെ എന്ത് പറയാൻ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും മൂക്കത്തുവിരൽവയ്ക്കും. തുരുമ്പെടുത്ത് ആർക്കും വേണ്ടാതെ നാശത്തിന്റെ വക്കിൽ. അതും ജില്ലാ ഭരണസിരാകേന്ദ്ര വളപ്പിൽ തന്നെ. ആരും തിരിഞ്ഞ് നോക്കാതായതോടെ ഇവിടം കാടുകയറി. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിപ്പോൾ. ഇനിയൊരു മോചനം ഈ വണ്ടികളും പ്രതീക്ഷിക്കുന്നില്ലായിരിക്കും. മഴപെയ്താൽ വാഹനങ്ങളിൽ വെള്ളം തങ്ങി നിൽക്കുന്ന അവസ്ഥയുണ്ട്. പരിസരത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുകും കൂത്താടിയും പെരുകി. ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ മുൻപിലും, യുദ്ധ സ്മാരകത്തിന് സമീപവുമായിട്ടാണ് തുരുമ്പെടുത്ത വാഹനങ്ങൾ കൂടുതൽ കിടക്കുന്നത്. പല സ്ഥലങ്ങളിലായി ഇരുപതിലധികം വാഹനങ്ങൾ നശിച്ച് കിടപ്പുണ്ട്. റവന്യൂ, പൊതുമരാമത്ത് , ആരോഗ്യ വകുപ്പുകളുടെ ബോർഡുള്ള വാഹനങ്ങളാണ് അധികവും. കളക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതിരിക്കുമ്പോഴാണ് വിവിധ വകുപ്പുകളുടെ കാലഹരണപ്പെട്ട വാഹനങ്ങൾ മാറ്റാതെ ഇട്ടിരിക്കുന്നത്.

മരശിഖരം വെട്ടി മാറ്റി ഉള്ളിലേക്ക് ഇട്ടു
അപകടാവസ്ഥയിലായ കളക്ടറേറ്റ് വളപ്പിനുള്ളിലെ തണൽമരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയെങ്കിലും കോമ്പൗണ്ടിനുള്ളിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതോടെ ഇതുവഴി നടക്കാൻ തന്നെ പ്രയാസമാണ്. നൂറുകണക്കിന് പേരാണ് ദിനംപ്രതി നിരവധി ആവശ്യങ്ങൾക്കായി ഇവിടേക്കെത്തുന്നത്. പലരും വാഹനങ്ങൾ വഴിയിൽ പാർക്ക് ചെയ്ത് പോകുകയാണ്. തിരിച്ച് വരുമ്പോൾ പെറ്റി രസീത് വാഹനത്തിൽ കാണും. പിൻവശത്തെ റോഡിലൂടെ വാഹനങ്ങൾ പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നതും ഇതുവഴിയാണ്. ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നുണ്ട്.