kavalam

കോട്ടയം: ജില്ലയുടെ ഉൾനാടൻ പ്രദേശത്തേക്കുള്ള യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. കാവാലം സ്റ്റേ സർവീസ് കോട്ടയം കെ.എസ്.ആർ.ടി.സി തുടങ്ങി. പടിഞ്ഞാറൻ പ്രദേശത്തുനിന്ന് കോട്ടയം നഗരത്തിലേക്ക്ക നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. കൊവിഡ് കാലത്ത് നിലച്ചുപോയ സർവീസാണ് വീണ്ടും പുനരാരംഭിച്ചത്. ഒരാഴ്ച മുൻപ് തുടങ്ങിയ സർവീസിൽ തിരക്കേറി തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ അധികൃതരും പറയുന്നു. ചങ്ങനാശേരിയിൽ നിന്നും കാവാലത്തേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്.

സർവീസ് ഇങ്ങനെ
രാവിലെ 5.30ന് കാവാലത്തുനിന്ന് ബസ് കോട്ടയത്തിന് പുറപ്പെടും. രാത്രി ഒമ്പതിന് കോട്ടയത്തു നിന്ന് കാവാലത്തിന് പുറപ്പെടും. ഈ ബസ് പിറ്റേന്ന് രാവിലെ 5.30നാണ് കാവാലത്ത് നിന്ന് മടങ്ങുന്നത്. ബസ് ജീവനക്കാർക്ക് രാത്രി തങ്ങാനുള്ള സൗകര്യം കാവാലം പഞ്ചായത്തും നാട്ടുകാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. കോട്ടയത്തു നിന്നുള്ള ബസ് കുറിച്ചിയിൽ നിന്ന് തിരിഞ്ഞ്, കൈനടി വഴി കാവാലത്തെത്തും. ചങ്ങനാശേരിയിൽ നിന്നുള്ള ബസ് തുരുത്തി വഴി സർവീസ് നടത്തും.

രാത്രി ദുരിതത്തിന് പരിഹാരം
രാത്രികാലങ്ങളിൽ കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നും കാവാലത്തേക്ക് ബസില്ലാത്തത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. പലരും വലിയ തുക മുടക്കി ഓട്ടോറിക്ഷകളെ ആശ്രയിച്ചായിരുന്നു യാത്ര. കർഷകർ, വിവിധസ്ഥാപനങ്ങളിലെ ജോലിക്കാർ തുടങ്ങി നിരവധി സാധാരണക്കാർക്ക് നഗരങ്ങളിലേക്ക് എത്താൻ മാർഗങ്ങളുണ്ടായിരുന്നില്ല. ഇതോടെയാണ് സ്‌റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായത്.

കോട്ടയം ഡിപ്പോയിൽ നിന്നും സ്റ്റേ സർവീസ് കൂടാതെ നിലവിൽ മൂന്ന് ഓർഡിനറി ബസുകൾ കാവാലത്തേക്ക് സർവീസ് നടത്തുന്നുണ്ട്. സ്റ്റേ സർവീസ് ആരംഭിച്ചതോടെ, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരിൽ ഒരുവിഭാഗം കൂടി യാത്രക്കാരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സർവീസ് കെ.എസ്.ആർ.ടി.സിക്കും നേട്ടമാണ്.