mevada

പാലാ: മേവട ഗവ. എൽ.പി. സ്‌കൂളിന്റെ ശതാബ്ദിയാഘോഷം 28ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 2025 മാർച്ച് വരെ നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷ പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് സംഘാടക സമിതി നേതാക്കളായ ബാബു കെ. ജോർജ്ജ്, ലീലാമ്മ ബിജു, ലീന മാത്യു, ജിനോ എം. സ്‌കറിയ, പത്മകുമാർ മേവട, വേണുഗോപാൽ എന്നിവർ പറഞ്ഞു.

28ന് രാവിലെ 10 ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വിവിധ ജനപ്രതിനിധികൾ ആശംസകൾ നേരും. തുടർന്ന് ഗാനമേളയുമുണ്ട്.

ഒക്‌ടോബർ 5 ന് മേവട എൽ.പി. സ്‌കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെയും ഇവിടെ പഠിച്ച് വിവിധ തുറകളിൽ അദ്ധ്യാപകരായവരുടെയും സംഗമം നടക്കും. ചീഫ് വിപ്പ് എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. സെബാസ്റ്റ്യൻ നരിവേലിൽ മുഖ്യപ്രഭാഷണം നടത്തും. നവംബർ 9 ന് എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി അഖില കേരള പ്രസംഗമത്സരം, ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ നടത്തും. ഡിസംബർ 28 ന് പൂർവ വിദ്യാർത്ഥി സംഗമവും പൂർവവിദ്യാർത്ഥിയായ നോവലിസ്റ്റ് ജോസ് മംഗലശ്ശേരിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും സ്‌നേഹവിരുന്നും പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തും.

2025 ജനുവരി 26 ന് അഖിലകേരള പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഫെബ്രുവരി 8 ന് ശാസ്ത്ര സെമിനാറും മാർച്ചിൽ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും സുവനീർ പ്രകാശനവും വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തും.


ഫോട്ടോ അടിക്കുറിപ്പ്
മേവട ഗവ. എൽ.പി. സ്‌കൂൾ