
കൂട്ടിക്കൽ: വനംവകുപ്പിന്റെ കെട്ടിടവും സ്ഥലവും നശിക്കുന്നു. കൂട്ടിക്കൽ ടൗണിനു സമീപമുള്ള കെട്ടിടമാണ് കാട് പിടിച്ച് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് വനമേഖലയായിരുന്ന കൂട്ടിക്കലിൽ ഫോറസ്റ്റ് ഓഫീസിനു വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. പിന്നീട് വികസനം എത്തിയതോടെ കൂട്ടിക്കൽ മേഖല വലിയ ടൗൺ ആയി. ഇതോടെ ഓഫീസ് മാറി ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് ആയി കെട്ടിടം മാറ്റുകയായിരുന്നു. 2014വരെ ഇവിടെ താമസക്കാരുണ്ടായിരുന്നു. അതിനുശേഷം താമസക്കാരെത്തിയിട്ടില്ല. ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായതോടെ കെട്ടിടത്തിന്റെ കട്ടിളകളും ജനലുകളും ഉൾപ്പെടെ കള്ളൻമാർ കൊണ്ടുപോയി. സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കി. 35 സെന്റ് സ്ഥലത്ത് വൻമരങ്ങൾ വളർന്നുനിൽക്കുന്ന കെട്ടിട പരിസരം ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. വർഷങ്ങൾക്കു മുൻപ് എരുമേലി റെയിഞ്ച് ഓഫീസിനായിരുന്നു കെട്ടിടത്തിന്റെ പരിപാലന ചുമതല. വനം വകുപ്പിന് കെട്ടിടം പ്രയോജനപ്പെടുന്നില്ലെങ്കിൽ പഞ്ചായത്തിനോ മറ്റു സർക്കാർ സ്ഥാപനങ്ങൾക്കോ സ്ഥലവും കെട്ടവും വിട്ടുകൊടുത്താൽ പ്രയോജനമാവും.