ചങ്ങനാശേരി: നീലംപേരൂർ പൂരം പടയണിയുടെ മൂന്നാംഘട്ടത്തിൽ മൂന്നാം ദിവസം ഹനുമാൻ പടയണികളത്തിൽ എത്തി. ചേരമാൻ പെരുമാൾ കോവിലിൽ എത്തി അനുവാദം വാങ്ങിയ ശേഷമാണ് മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് ആദ്യം പ്ലാവില കോലങ്ങളിലെ താപസം കോലം എഴുന്നള്ളിയത്. പ്ലാവില കോലങ്ങളിൽ രണ്ടാം ദിവസം ഐരാവതം കളത്തിൽ എത്തി. മൂന്നാം ദിവസം പ്ലാവില കോലങ്ങളുടെ തുടർച്ചയായി ഇന്നലെ ഹനുമാൻ കോലം പടയണി കളത്തിൽ എത്തി. ഇന്ന് ഭീമസേനൻ പടയണികളത്തിൽ എത്തുന്നതോടെ മൂന്നാം ഘട്ടം സമാപിക്കും.

കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്രയ്ക്കിടയിൽ കൊടും വനത്തിൽ എത്തുന്ന ഭീമസേനൻ വനത്തിൽ തന്റെ യാത്രയ്ക്ക് മാർഗതടസമായി തന്റെ മുന്നിൽ കിടക്കുന്ന വാനര രൂപത്തിലുള്ള ഹനുമാനെ കാണുന്നതാണ് പടയണികളത്തിൽ പ്ലാവില കോലമായി ഹനുമാനെ എഴുന്നള്ളിക്കുന്നത്. ഇന്ന് ഭീമസേനന്റെ പ്ലാവില കോലം എഴുന്നള്ളുന്നതോടെ പ്ലാവിലക്കോലങ്ങളിലെ മൂന്നാം ഘട്ടത്തിന് സമാപനമാകും. നാലാം ഘട്ടത്തിൽ പിണ്ടിയും കുരുത്തോലയും, കൊടിക്കൂറ, കാവൽ പിശാച്, അമ്പലക്കോട്ട, സിംഹം എന്നിവയെ പടയണികളത്തിൽ എഴുന്നള്ളിക്കും. അരിയും തിരിയും വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. 30ന് മകം പടയണിയും ഒക്ടോബർ ഒന്നിന് പൂരം പടയണിയും നടക്കും.