
കോട്ടയം: ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായുള്ള ഭാഷാ വിഷയങ്ങൾക്ക് എം.ജി സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നിർദേശം സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. ആദ്യ ഘട്ടത്തിൽ ഫ്രഞ്ച്, ജർമൻ, തമിഴ് എന്നീ ഭാഷാ കോഴ്സുകൾ ആരംഭിക്കാവുന്നതാണെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം ശുപാർശ ചെയ്തു.
ആദ്യ രണ്ടു സെമസ്റ്ററുകളിലാണ് ഭാഷാ വിഷയങ്ങൾ പഠിക്കാൻ കഴിയുക. സംസ്ഥാനത്തെ ഏതു സർവകലാശാലയിൽനിന്നും കോളജിൽനിന്നുമുള്ള വിദ്യാർഥികൾക്ക് ചേരാൻ കഴിയുന്ന രീതിയിലായിരിക്കും കോഴ്സുകൾ ചിട്ടപ്പെടുത്തുക.