
കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരപരിക്ക്. കോടിമത പമ്പിന് സമീപം കട നടത്തുന്ന ആന്റണി (65)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം. അടൂരിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആന്റണിയെ ഇടിയ്ക്കുകയായിരുന്നു. ആന്റണി റോഡിലേയ്ക്ക് തലയിടിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത് അപകടമേഖല
ദിവസങ്ങൾക്ക് മുൻപ് കോടിമത നാലുവരിപ്പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ 27ന് കോടിമത നാലുവരിപ്പാതയിൽ സ്‌കൂട്ടറിൽ ദോസ്ത് വാൻ ഇടിച്ച് ദമ്പതിമാരുടെ ജീവൻ പൊലിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലത്തെ അപകടം. റോഡിൽ മതിയായ വെളിച്ച സംവിധാനമില്ലാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് പലപ്പോഴും റോഡ് മുറിച്ച് കടക്കുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് പലരും രക്ഷപ്പെടുന്നതും വലിയ അപകടങ്ങൾ ഒഴിവാകുന്നതും. സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുകുത്തിയാണ്. നിരീക്ഷണ ക്യാമറകൾ വെറും കാഴ്ചക്കാരായി മാറുകയാണ്.