കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവം ഒക്ടോബർ മൂന്ന് മുതൽ 13 വരെ നടക്കും.
അഗ്‌നി ജ്യോതിഷ പണ്ഡിതൻ സ്വാമി മധുദേവാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിജയാനന്ദ നവരാത്രി മണ്ഡപത്തിലെ കലാവിളക്ക് തെളിയിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകൾ, ദേവിഭാഗവത പാരായണം, മഹാപ്രസാദമൂട്ട്, സംഗീതാരാധന, മഹാദീപാരാധന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. എട്ടാം ദിവസം വൈകിട്ട് 5ന് ഭദ്രവിളക്കമ്മയുടെ മാന്ത്രികഗ്രന്ഥം അകത്തേക്ക് എഴുന്നളളിപ്പും തുടർന്ന് പൂജവെപ്പും. മഹാനവമി ദിനത്തിൽ ആയുധപൂജ, പുസ്തകപൂജ, മഞ്ഞൾ നീരാട്ട്, കുങ്കമാഭിഷേകം, മറ്റു വിശേഷാൽ പൂജകൾ എന്നിവ നടക്കും. വിജയദശമി ദിനത്തിൽ വിദ്യാരംഭം, മഹാനവ ചണ്ഡികാഹോമം, മന്ത്രദീക്ഷാദാനം, സാംസ്‌കാരിക സമ്മേളനം. രാവിലെ 7 മുതൽ ഭദ്രവിളക്കമ്മയുടെ മാന്ത്രികഗ്രന്ഥം പുറത്തേക്ക് എഴുന്നള്ളിപ്പും പൂജയെടുപ്പും തുടർന്ന് 9 മുതൽ വിദ്യാരംഭം. മന്ത്രദീക്ഷാദാനം, താംബൂല സമർപ്പണം മഹാനവചണ്ഡിക ഹോമം എന്നിവ നടക്കും.
സാംസ്‌കാരിക സമ്മേളന ഉദ്ഘാടനം ചീഫ് വിപ്പ് ഡോ . എൻ. ജയരാജ് എം.എൽ.എ നിർവഹിക്കും. മെമ്പർ എ.എം മാത്യു ആനിത്തോട്ടം, സി.വി തോമസ്‌കുട്ടി, ഗീത രാമൻ, ടി.ആർ രഞ്ജു, ബിന്ദു നന്ദകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് കർമ്മസ്ഥാനം മഠാധിപതി സ്വാമി മധുദേവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കലാശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര താരം ഡോ.രമാദേവിക്ക് സമ്മാനിക്കും. ഗായകനും ഗാനരചയിതാവുമായ അജി പിടിക്കപ്പറമ്പ് വരന്തരപ്പള്ളിയെയും കങ്ങഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങളെയും ആദരിക്കും. തുടർന്ന് കലാപരിപാടികൾ.