
ഉദ്ഘാടനം ഇന്ന്
കോട്ടയം : ഏഴുകോടി രൂപ ചെലവിട്ട് ആധുനിക രീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ - കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷനാകും. കല്ലറ - നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമ്മാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം. താഴ്ന്നുകിടന്നതും വെള്ളക്കെട്ട് മൂലം തകർന്നതുമായ ആറിടങ്ങളിൽ ജി.എസ്.ബി ഉപയോഗിച്ച് റോഡ് ഉയർത്തിയശേഷമായിരുന്നു ടാറിംഗ്. മാഞ്ഞൂർ പാടശേഖരം വരുന്ന ഭാഗം മഴക്കാലത്ത് വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെടുന്നത് കണക്കിലെടുത്ത് 170 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമ്മിച്ച് രണ്ടുമീറ്റർ ഉയർത്തി.
ഏറെ പ്രയോജനം
കോട്ടയം മെഡിക്കൽ കോളേജ്, എം.ജി യൂണിവേഴ്സിറ്റി, കോട്ടയം ടൗൺ എന്നിവിടങ്ങളിലേക്കും കോട്ടയം നീണ്ടൂർ ഭാഗത്തുനിന്നു വൈക്കം, എറണാകുളം, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവിടങ്ങളിലേക്കും എളുപ്പമാർഗമാണിത്.
ഏറ്റുമാനൂർ - എറണാകുളം റോഡിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ എത്താം.
കൃഷിയും വെള്ളത്തിലാകില്ല
റോഡിന്റെ ഇരുവശങ്ങളിലേയും പാടശേഖരങ്ങളിലെ വെള്ളം കൃഷിക്ക് ആവശ്യമായ രീതിയിൽ ഒഴുകുന്നതിന് 1600 മില്ലീമീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈപ്പുകൾ രണ്ടുനിരയിലായി സ്ഥാപിച്ച് പൈപ്പ് കൾവെർട്ടും നിർമ്മിച്ചു.