
കോട്ടയം: രാജ്യാന്തര വിപണിയിലെ അനുകൂല സാഹചര്യങ്ങളും സംസ്ഥാനത്ത് റബർ കർഷകർക്ക് ഗുണമായില്ല. വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടുനിന്നതോടെ വില കുത്തനെ താഴ്ന്നു. ബാങ്കോക്കിൽ റബർ വില കിലോയ്ക്ക് 248 രൂപയായി ഉയർന്നപ്പോൾ ഇന്ത്യയിലെ റബർ ബോർഡ് വില 226 രൂപയിലേക്ക് കൂപ്പുകുത്തി. വ്യാപാരി വില 221 മാത്രമാണ് . ലാറ്റക്സ് 132 രൂപയാണ്. ഒന്നര ലക്ഷം ടണ്ണിലധികം ഇറക്കുമതി റബർ വിപണിയിലെത്തിയതാണ് വില ഇടിച്ചത്. മഴ മാറി ടാപ്പിംഗ് സജീവമായതോടെ ഷീറ്റും ലാറ്റക്സും വരവ് കൂടിയതോടെ വില ഇനിയും ഇടിഞ്ഞേക്കും.
ഈ വർഷം സ്വാഭാവിക റബർ ഇറക്കുമതി 14 ലക്ഷം ടണ്ണിന് മുകളിലെത്തുമെന്നും ആഭ്യന്തര ഉത്പാദനത്തിൽ അഞ്ചു ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നും വ്യവസായികൾ പറയുന്നു. ഉത്പാദനത്തിലെ കുറവ് നികത്താനായി അഞ്ചു ലക്ഷം ടൺ റബർ നികുതിയില്ലാതെ ഇറക്കുമതി ചെയ്യണമെന്ന് വൻകിട വ്യവസായികൾ ആ വശ്യപ്പെടുന്നു.
കുരുമുളകിന് വില്പന സമ്മർദ്ദം
ഉത്സവ സീസണിന്റെ കരുത്തിലും കുരുമുളക് വില പിടിച്ചുനിറുത്താൻ ഉത്തരേന്ത്യൻ ലോബി നീക്കം ശക്തമാക്കി. ഇതിനായി അവർ വിപണിയിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ക്വിന്റലിന് 900 രൂപയാണ് കഴിഞ്ഞ ആഴ്ച കുറഞ്ഞത്. എന്നാൽ എരിവ് കൂടുതലുള്ള ഇടുക്കി, വയനാട് കുരുമുളകിന് ഉത്തരേന്ത്യയിൽ ദീപാവലിക്ക് ആവശ്യമേറുന്നതോടെ വില ഉയരുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു.