കോട്ടയം: പണമേ കുറവുള്ളൂ, പോരാട്ടവീര്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. ഓളപ്പരപ്പിൽ തങ്ങൾ എന്താണെന്ന് ഒരിക്കൽകൂടി തുറന്നുകാട്ടുന്നതായിരുന്നു കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പോരാട്ടം. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യത്തിലും നെഹ്റു ട്രോഫിയിൽ നടുഭാഗം ചുണ്ടനിൽ ടൗൺ ബോട്ട് ക്ലബ് നേടിയെടുത്ത മൂന്നാം സ്ഥാനത്തിന് തങ്കത്തിളക്കമേറെ. ചുണ്ടിനും കപ്പിനുമിടയിൽ കിരീടം നഷ്ടമായെങ്കിലും പ്രതീക്ഷയോടെയാണ് വരും മത്സരങ്ങൾക്കായി കാത്തിരിക്കുന്നത്. വള്ളംകളി മാറ്റിവെച്ചതിനെ തുടർന്ന് അന്യസംസ്ഥാന തുഴച്ചിൽകാർ ഉൾപ്പെടെ മടങ്ങിയിരുന്നു. ഈ ക്ഷീണമൊക്കെ മറികടന്നാണ് പുന്നമടയിലെ മിന്നും പ്രകടനം. സാമ്പത്തിക പ്രതിസന്ധി ടീമിന്റെ പരീശീലനത്തെയും കാര്യമായി ബാധിച്ചു. എന്നാൽ മനക്കരുത്തുകൊണ്ടും നാട്ടുകാരുടെ പിന്തുണയിലുമാണ് കുമരകത്തെ ജനകീയ ക്ലബ് മത്സരത്തിനിറങ്ങിയത്.

ഓർക്കാപ്പുറത്തൊരു സ്റ്റാർട്ട്!

ഫൈനൽ മത്സരത്തിന്റെ സ്റ്റാട്ടിംങ്ങിൽ സംഘാടകർക്ക് പിഴവ് സംഭവിച്ചെന്നും ഇത് കുമരകം ടൗൺ ബോട്ട് ക്ലബിന് തിരിച്ചടിയായെന്നും ആക്ഷേപമുണ്ട്. ട്രാക്കിലെ തടസം സംബന്ധിച്ച് തുഴച്ചിൽകാർ ചൂണ്ടികാട്ടുന്നതിനിടെ സ്റ്റാർട്ടർമാർ അപ്രതീക്ഷിതമായി വള്ളംവിടാൻ നിർദേശം നൽകുകയായിരുന്നു എന്നാണ് ആക്ഷേപം.