കോട്ടയം: അന്യസംസ്ഥാനത്ത് നിന്ന് പ്രൊഫഷണൽ കവർച്ചാ സംഘങ്ങളുടെ ഭീഷണി ഉയരുമ്പോഴും ജില്ലയിലെ ഭൂരിപക്ഷം എ.ടി.എമ്മുകളിലും മതിയായ സുരക്ഷയില്ല. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എ.ടി.എമ്മുകളിൽ മിക്കയിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ല. ഉൾപ്രദേശങ്ങളിൽ എ.ടി.എം കൗണ്ടറുകൾക്ക് കാവൽ നിൽക്കുന്നവരാവട്ടെ ആയുധങ്ങളുമായി എത്തുന്നവരെ എങ്ങനെ പ്രതിരോധിക്കുമെന്നതിൽ ആശങ്കയിലുമാണ്.
ജില്ലയിൽ എ.ടി.എം കവർച്ചയോ കവർച്ചാ ശ്രമങ്ങളോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സമീപ ജില്ലകളിലെല്ലാം കവർച്ച നടന്നിട്ടുണ്ട്. എ.ടി.എം സുരക്ഷാ മാന്വലനുസരിച്ചുള്ള സംവിധാനങ്ങൾ ഭൂരിഭാഗം കൗണ്ടറുകളിലും ഏർപ്പെടുത്തിയിട്ടില്ല. നഗര പ്രദേശങ്ങളിൽ ആൾത്തിരക്കുള്ളതിനാൽ കവർച്ചാ സാദ്ധ്യത വിരളമാണെങ്കിലും ഉൾപ്രദേശങ്ങളിലെ സ്ഥിതി ഇതല്ല. ഏഴ് മണികഴിഞ്ഞാൽ വിജനമാകുന്ന ഗ്രാമപ്രദേശങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും കൂടുതൽ സുരക്ഷ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
നിധികാക്കുന്ന ഭൂതങ്ങൾ
ഉൾപ്രദേശങ്ങളിലെ എ.ടി.എമ്മുകൾക്ക് കാവൽ നിൽക്കുന്ന സെക്യൂരിറ്റിമാരുടെ സ്ഥിതി ദയനീയമാണ്. ജീവനക്കാരിലേറെയും വാർദ്ധക്യത്തിലെത്തിയവരാണ്. കായികശേഷിയില്ലാത്ത കാവൽക്കാരെ കീഴ്പ്പെടുത്താൻ കവർച്ചാസംഘങ്ങൾക്ക് പ്രയാസമില്ല. ആയുധങ്ങളുമായി എത്തുന്ന കവർച്ചാ സംഘങ്ങളെ നേരിടാൻ ആയോധന പരിശീലനം നേടിയവർക്കേ കഴിയൂ. ചെലവ് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി പേരിന് സെക്യൂരിറ്റിയെ നിയമിക്കുകയാണ് ബാങ്കുകൾ.
എ.ടി.എമ്മുകളിൽ വേണ്ടത്
കൗണ്ടറുകളിൽ സെക്യൂരിറ്റി അലാറം
പൊലീസുമായി എപ്പോഴും ബന്ധപ്പെടാൻ കൺട്രോൾ റൂം
 സുരക്ഷാ ജീവനക്കാർ
കൗണ്ടറുകളിൽ വെളിച്ചം ഉറപ്പാക്കണം
വൈദ്യുതി മുടങ്ങിയാൽ പകരം സംവിധാനം
നിരീക്ഷണ ക്യാമറകൾ
പരിശോധനയുമായി പൊലീസ്
തൃശൂർ ഉൾപ്പെടെയുള്ള കവർച്ചകളുടെ പശ്ചാത്തലത്തിൽ എ.ടി.എം കൗണ്ടറുകളുടെ സുരക്ഷ ശക്തമാക്കാൻ നടപടിയുമായി ജില്ലാ പൊലീസ്. ബാങ്കുകളുമായി ബന്ധപ്പെട്ട് കൗണ്ടറുകളുടെ വിവരങ്ങൾ ശേഖരിച്ചു. പട്രോളിംഗ് വ്യാപിപ്പിക്കാൻ എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകി. എ.ടി.എമ്മുകളുടെ ഗൂഗിൾ ലൊക്കേഷൻ പരിശോധിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്
കൗണ്ടറുകൾക്ക് സുരക്ഷ ഒരുക്കേണ്ടത് ബാങ്ക് അധികൃതരാണ്. പട്രോളിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട് - ഷാഹുൽ ഹമീദ്, ജില്ലാ പൊലീസ് മേധാവി