
കോട്ടയം: 'പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തി. പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും വളർത്തി കലാപം ഉണ്ടാക്കുന്നതിനായി മാദ്ധ്യമങ്ങളെ കണ്ടു'- പി.വി.അൻവറിനെതിരെ കറുകച്ചാൽ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലെ വിവരങ്ങൾ.
കഴിഞ്ഞ അഞ്ചിനാണ് മുൻ കോൺഗ്രസ് പ്രവർത്തകനായ നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കൽ അൻവറിനെതിരെ ഫോൺചോർത്തൽ ആരോപിച്ച് പരാതി നൽകിയത്. തുടർന്ന് അൻവറുമായുള്ള ബന്ധം കഴിഞ്ഞ ദിവസം സി.പി.എം ഉപേക്ഷിച്ചതിനു പിന്നാലെ അതിവേഗത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഓംബുഡ്സ്മാന് പരാതി നൽകിയതോടെയാണ് തോമസ് പീലിയാനിക്കൽ കോൺഗ്രസുമായി തെറ്റിയത്.
കേസ് നടപടികളുടെ വേഗം
1.അഞ്ചിന് ഡി.ജി.പിക്ക് ഇ-മെയിൽ വഴി തോമസ് പരാതി നൽകി. അൻവറുമായുള്ള ബന്ധം സി.പി.എം അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസം.
2.ശനിയാഴ്ച ഉച്ചയോടെ ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറി
3.രാത്രി എട്ടോടെ തോമസിനെ കറുകച്ചാൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. 10.39ന് കേസെടുത്തു
4.ഇതിനുമുമ്പ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടത്തി
ജീവപര്യന്തം വരെ
ലഭിക്കാവുന്ന കുറ്റം
കേസെടുത്തത് ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റം.
''തന്റെ പരാതിക്ക് പിന്നിൽ രാഷ്ട്രീയമില്ല
-തോമസ് പീലിയാനിക്കൽ