കോട്ടയം: ചിലരുടെ വിരൽ പതിയുന്നില്ല. മറ്റ് ചിലപ്പോൾ സെർവർ തകരാർ. കാലാവധി നാളെ അവസാനിക്കാനിരിക്കേ, മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ളവരുടെ മസ്റ്ററിംഗിൽ അടിമുടി പരാതി. ഭൂരിഭാഗം കടകളിലും പകുതി അംഗങ്ങൾ പോലും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. നാളെ മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ ഇവരുടെ റേഷൻ വിഹിതം മുടങ്ങും.
ജില്ലയിലെ മിക്ക റേഷൻ കടകളിലെയും പകുതിയോ അതിലേറെയോ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവയാണ്. പതിവായി റേഷൻ വാങ്ങുന്നതും ഈ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ മിക്ക റേഷൻ കടകളുടെയും നിലനിൽപ്പും മഞ്ഞ, പിങ്ക് കാർഡുകളെ ആശ്രയിച്ചാണ്. മസ്റ്ററിംഗ് നടത്താത്തതിന്റെ പേരിൽ ഇത്തരക്കാരുടെ റേഷൻ മുടങ്ങിയാൽ കടകളുടെ നിലനിൽപ്പിനെയും ബാധിക്കും. മസ്റ്ററിംഗ് വൈകുമ്പോൾ കടകളിൽ തിരക്കും ബഹളവും പതിവാണ്.
മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിംഗ് നടത്തണമെന്നതാണ് തടസത്തിനു കാരണം. ഓഗസ്റ്റ് അഞ്ചുമുതൽ ഇതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ വ്യക്തികളും, 2024 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഈ പോസ് വഴി ഇകെവൈസി അപ്‌ഡേഷൻ ചെയ്തവരും റേഷൻ കടകയിലെത്തി വീണ്ടും മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. എന്നാൽ, മിക്ക വീടുകളിലും ഒരാൾ തന്നെയായിരിക്കും റേഷൻ കടകളിൽ എത്തിയിരുന്നത് എന്നതിനാൽ മറ്റുള്ളവർ മസ്റ്ററിംഗ് നടത്തണം.
സ്ഥിരമായി ജോലിയ്ക്കു പോകുന്ന പലർക്കും യഥാസമയം മസ്റ്ററിംഗിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നലെയും കടകളിൽ സൗകര്യമേർപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളിൽ പലരുടെയും അറിവില്ലായ്മയും തിരിച്ചടിയാകുന്നതായി കടയുടമകൾ പറയുന്നു.

കാർഡുകാർ 5.56 ലക്ഷം

'' കുട്ടികളടക്കമുള്ളവരുടെ മസ്റ്ററിംഗ് മുടങ്ങുന്നതിന് വ്യാപാരികൾ മറുപടി പറയേണ്ട അവസ്ഥയാണ്'' കെ.കെ.ശശുപാലൻ, സംസ്ഥാന സെക്രട്ടറി, ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോ.