
വൈക്കം: തന്റെ മത്സ്യക്കുളത്തിൽ കരിമീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനു പിന്നിൽ വിഷപ്രയോഗം ആരോപിച്ച് കർഷകൻ. ഉദയനാപുരം പഞ്ചായത്തിൽ വടക്കേമുറി വില്ലേജിൽ നെടിയേഴത്ത് ജയശങ്കറിന്റെ മത്സ്യക്കൃഷി കുളത്തിലാണ് കരിമീൻ കുഞ്ഞുങ്ങൾ കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയത്. വർഷങ്ങളായി മത്സ്യക്കൃഷി നടത്തുന്ന കർഷകനാണ് ജയശങ്കർ. ഇക്കുറി 500 കരിമീൻ കുഞ്ഞുങ്ങളെയാണ് വീട്ടുവളപ്പിലെ കുളത്തിൽ നിക്ഷേപിച്ചത്. നാലു മാസത്തെ വളർച്ചയിൽ 250ഗ്രാം തൂക്കം വന്നിരുന്നു ഒരു കരിമീനിന്. ആരോ വിഷപ്രയോഗം നടത്തിയെന്ന സംശയത്തിൽ കർഷകൻ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തിട്ടുണ്ട്. 20,000രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നാണ് ജയശങ്കർ പറയുന്നത്. ഓരോ വർഷവും പലതരം മീൻകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ച് പരീക്ഷണം നടത്തി വിജയം കൊയ്ത ആളാണ് ജയശങ്കർ. വീടിനു മുന്നിൽ യോഗ്യമായ സ്ഥലത്ത് കുളം നിർമ്മിച്ച് മത്സ്യക്കൃഷി നടത്തുന്ന ജയശങ്കർ അപ്രതീക്ഷിതമായ തിരിച്ചടിയിൽ നിരാശനാണ്.
മീനുകൾ കുളത്തിൽ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വലിയ നഷ്ടമാണ് തനിക്കു വരുത്തിയത്.
പലയിനം മത്സ്യങ്ങളെ വളർത്തിയിട്ടുണ്ട്. കൃത്യമായ പരിപാലനം നടത്തുന്നതിനാൽ മത്സ്യങ്ങൾക്ക് രോഗബാധയുണ്ടാകാൻ യാതൊരു സാദ്ധ്യതയുമില്ല. അത്തരത്തിലുള്ള ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ജയശങ്കർ പറയുന്നു.
മത്സ്യകൃഷി കൂടാതെ അപൂർവ്വയിനം വിദേശ ഇനങ്ങളടക്കം വളർത്തു പക്ഷികളുടെ വിപുലമായ ശേഖരവും ജയശങ്കറിനുണ്ട്. ക്ഷീരകർഷകൻ കൂടിയാണ് ജയശങ്കർ. ദീർഘകാലമായി മത്സ്യകൃഷിയും പക്ഷി വളർത്തലും പശുവളർത്തലുമൊക്കെ ഉപജീവനമാക്കിയ ജയശങ്കറിന് ഇത്തരത്തിൽ ഒരനുഭവം ആദ്യമാണ്.