ചങ്ങനാശേരി: ചിങ്ങമാസത്തിലെ അവിട്ടം നാളിൽ നീലംപേരൂർ പള്ളിമുറ്റത്തെ ഭഗവതി ക്ഷേത്രത്തിലെ പടിഞ്ഞാറു ഭാഗത്തുള്ള ചേരമാൻ പെരുമാൾ സ്മാരകത്തിൽ നിന്നും അനുവാദം വാങ്ങി ചൂട്ടുവച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണി ഒക്ടോബർ ഒന്നിന് സമാപിക്കും. മകം പൂരം പടയണിയുടെ വരവറിയിച്ച് ഇന്നലെ പടയണികളത്തിൽ രാത്രിയിൽ അടിയന്തിരക്കോലമായി കൊടിക്കൂറക്കൊപ്പം കാവൽ പിശാച് പടയണിക്കളത്തിൽ എഴുന്നള്ളി. കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ ഗന്ധർവ്വ നഗരത്തിൽ എത്തുന്ന ഭീമസേനൻ ഗന്ധർവ്വ നഗരത്തിന്റെ കാവലാളായ കാവൽ പിശാചിനെ കാണുന്നതാണ് അടിയന്തിരക്കോലമായി പടയണികളത്തിൽ എഴുന്നള്ളിച്ചത്.

പൂരം പടയണിയുടെയും വല്യന്നങ്ങളുടെയും വരവറിയിച്ച് മകം പടയണി ഇന്ന് നടക്കും. മകംപടയണിയുടെ ഭാഗമായി കൊടിക്കൂറക്കും കാവൽ പിശാചിനുമൊപ്പം അടിയന്തിരക്കോലമായ അമ്പലക്കോട്ട എഴുന്നള്ളും. കാർഷിക സംസ്‌കാരവുമായി പടയണിയെ ബന്ധിപ്പിക്കുന്നതാണ് മകം പടയണി.

രാത്രി 11ന് കുടം പൂജകളിക്കും തോത്താ കളിക്കും ശേഷം നെല്ലിന്റെ വിളവെടുപ്പ് ഉത്സവത്തെ ഓർപ്പിച്ച് പടയണികളത്തിൽ വേലകളി നടക്കും. മനുഷ്യനും പ്രകൃതിയും പരസ്പര പൂരകങ്ങളാണെന്നും ഈ തിരിച്ചറിവാണ് പരമമായ ആനന്ദത്തിലേക്കുള്ള നേർവഴി എന്നുമുള്ള സന്ദേശമാണ് വേലകളി പകരുന്നത്.തുടർന്ന് പടയണികളത്തിൽ അമ്പലക്കോട്ട എഴുന്നള്ളുന്നത്.