കോട്ടയം: അക്ഷരനഗരത്തിന് പ്രൗഢിയേകി അക്ഷരമ്യൂസിയം ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായി. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിലാണ് രാജ്യത്തെ ആദ്യത്തെ ഭാഷ സാഹിത്യസാംസ്‌കാരിക മ്യൂസിയം പൂർത്തിയായിരിക്കുന്നത്. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് 15000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങളാണ് പൂർത്തിയായത്. മനുഷ്യഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാണ് ആദ്യഘട്ടം. ലോകത്തിലെ ആറായിരത്തോളം ഭാഷകളുടെ വിവരണങ്ങൾ അവതരിപ്പിക്കുന്ന ലോകഭാഷകളുടെ പ്രദർശനമാണ് മ്യൂസിയത്തിലെ മറ്റൊരു ഭാഗം. അത്യാധുനിക രീതിയിലുള്ള തിയേറ്റർ സംവിധാനവും ഹോളോഗ്രാം പ്രൊജക്ഷനും സജ്ജീകരിച്ചിട്ടുണ്ട്. എസ്.പി.സി.എസ് സ്ഥാപകനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ അർദ്ധകായശില്പവുമുണ്ട്.
അക്ഷരം മ്യൂസിയം ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചൊവ്വാഴ്ച 4 വൈകുന്നേരം നാലിന് നാട്ടകം അക്ഷരം മ്യൂസിയം അങ്കണത്തിൽ മന്ത്രി വി.എൻ വാസവൻ, സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘരൂപീകരണയോഗം നടക്കും.