വൈക്കം: കേരള സ്റ്റേറ്റ് സ്‌കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ വൈക്കം വനിതാ സ്‌പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയ 50 കായിക വിദ്യാർത്ഥിനികൾക്ക് യോഗ്യത ലഭിച്ചു.
പാലക്കാട്, തിരുവനന്തപുരം, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ നടക്കുന്ന ജൂനിയർ, സീനിയർ, സബ്സീനിയർ എന്നീ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് ജെ.എൻ ഹോക്കിയിൽ സെലക്ഷൻ ലഭിച്ചത്. അവസാനഘട്ട പരിശീലനത്തിലാണ് വിദ്യാർത്ഥികൾ. സെലക്ഷൻ കിട്ടിയ താരങ്ങളെ കേരള സ്റ്റേറ്റ് ഹോക്കി ജനറൽ സെക്രട്ടറി സി.ടി സോജി പരിശീലന കേന്ദ്രമായ വൈക്കം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തി താരങ്ങളുമായി ആശയവിനിമയം നടത്തി. കേരള സ്‌റ്റേറ്റ് ഹോക്കി ജനറൽ സെക്രട്ടറി സി.ടി സോജിയെ കായിക താരങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ്, കോച്ച് ജോമോൻ ജേക്കബ്ബ്, കൗൺസിലർ ലേഖാ ശ്രീകുമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.