ചങ്ങനാശേരി: ചരിത്ര പ്രസിദ്ധമായ പൂരം പടയണി ഇന്ന് നടക്കും. ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും 62 ചെറിയ പുത്തൻ അന്നങ്ങളും വിവിധ കോലങ്ങളും പൂരത്തിന് എഴുന്നെള്ളും. ഇതോടൊപ്പം ദേവിയുടെ തിരുനടയിൽ പടയണി താളത്തിൽ ഭക്തർ മറ്റ് ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവെയ്ക്കും. ഇതോടൊപ്പം പൊയ്യാനയും, സിംഹവും, ഭീമ സേനനും എഴുന്നെള്ളും. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെയാണ് ഭക്തരുടെ നേർച്ചയായി ദേവിക്ക് സമർപ്പിക്കുന്നത്. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനൻ ഗന്ധമാതനഗിരി പർവ്വതത്തിൽ മാനസ സരോവരത്തിൽ അരയന്നങ്ങൾ പറക്കുന്നത് കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് അന്നങ്ങളുടെ പൂരമായി നീലംപേരൂർ പള്ളി ഭഗവതിക്ഷേത്രത്തിൽ അവതരിപ്പിക്കുന്നത്. ചേരമാൻ പെരുമാളിന്റെ കാലം മുതൽ ഈ ചടങ്ങ് ക്ഷേത്രങ്ങളിൽ നടന്നുവരുന്നുണ്ട്.
വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയെ സംരക്ഷിക്കണമെന്ന ബോധം ഉണർത്താൻ ശ്രീകൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ഗോവർദ്ധന പർവ്വതത്തിന്റെ കോലം പടയണി ദിവസം എഴുന്നെള്ളിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ചൊവാഴ്ച രാവിലെ മുതൽ നിറ പണികൾ ആരംഭിക്കും. പ്രകൃതിയിലെ അഞ്ചു വർണങ്ങൾ കൊണ്ടാണ് അന്നങ്ങളെ ഒരുക്കുന്നത്. ചൂട്ടു വെളിച്ചത്തിൽ ചെത്തിപ്പൂവും വാഴപ്പോളയും താമരയിലയും ചേർന്ന് കാഴ്ചയുടെ വിസ്മയം തീർക്കും. രാവിലെ ആറിന് നിറ പണികൾ ആരംഭം. ഒന്നിന് മഹാപ്രസാദമൂട്ട്, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാ മുറിയ്ക്കൽ, പത്തിന് കുടംപൂജകളി, പത്തരയ്ക്ക് തോത്താകളി, പതിനൊന്നു മുതൽ പുത്തൻഅന്നങ്ങളുടെ തിരുനട സമർപ്പണം, തുടർന്ന് വല്യന്നങ്ങൾ എഴുന്നെള്ളത്ത്, കോലങ്ങളുടെ എഴുന്നെള്ളത്ത് എന്നിവയും നടക്കും.