മാണി ഗ്രൂപ്പ് ശക്തി ചോർന്നു
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും, സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവം ഇനി അംഗീകരിക്കരുതെന്നും സി.പിഐ ജില്ലാ നേതൃത്വ ക്യാമ്പിൽ ഭൂരിപക്ഷ അഭിപ്രായം. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു അവതരിപ്പിച്ച റിപ്പോർട്ടിലും നിറഞ്ഞു നിന്നത് ഇതായിരുന്നു. ശക്തി ചോർന്ന കേരള കോൺഗ്രസ് എമ്മിന് കൂടുതൽ സീറ്റുകൾ നൽകുന്നതിലും എതിർപ്പുയർന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന് ഭൂരിപക്ഷം നേടാനായത് സി.പിഐ യുടെ ശക്തികേന്ദ്രമായ വൈക്കത്താണ്. മാണി ഗ്രൂപ്പ് കേന്ദ്രങ്ങളിലെല്ലാം പിന്നിലായത് അവരുടെ സ്വാധീനം ജില്ലയിൽ കുറഞ്ഞതിന് തെളിവാണ്. ഇടതുമുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷി തങ്ങളാണെന്ന അവകാശവാദം ഇതോടെ പൊളിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതൊരു പാഠമാകണം. കൂടുതൽ സീറ്റുകൾക്ക് അർഹത സി.പി.ഐയ്ക്കാണെന്നും പ്രതിനിധികൾ പറഞ്ഞു. പ്രവർത്തകർ അലസമനോഭാവം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കാൽച്ചുവട്ടിലെ മണ്ണ് ചോരരുത്
''യു.ഡി.എഫിനേക്കാൾ വെല്ലുവിളി ഉയർത്താൻ പോകുക സമ്പത്തേറെയുള്ള ബി.ജെ.പിയിൽ നിന്നാകും. കാൽച്ചുവട്ടിലെ മണ്ണ് ചോരാതിരിക്കാൻ ബി.ജെ.പിയുടെ വളർച്ച മുൻകൂട്ടി കണ്ട് ജനങ്ങൾക്കിടയിൽ വെള്ളത്തിലെ മത്സ്യംപോലെ ഇഴകിച്ചേർന്ന് പ്രവർത്തിക്കണം. വാർഡ് -ബുത്തുതലപ്രവർത്തനം ശക്തമാക്കണം.
-ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി