
കോട്ടയം: ആരുമൊന്ന് ഭയന്നുപോകും. ഇരുട്ടിന്റെ കാഠിന്യം അത്രത്തോളമാണ്. വഴിവിളക്കുകളുണ്ട്. എന്ത് പ്രയോജനമെന്ന് ചോദിക്കരുത്. അതുകൊണ്ട് കാര്യമില്ലെന്ന് ഈ ഇരുട്ട് തന്നെ ഉത്തരം. ഒന്നല്ല , കോട്ടയം നഗരത്തിലെ പലയിടങ്ങളിലെയും അവസ്ഥ ഇതാണ്. നേരാംവണ്ണം വഴിവിളക്കുകൾ ഒന്നും പ്രകാശിക്കുന്നില്ല. നഗരസഭാ അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. നഗരസഭയുടെ പരിധിയിൽ വരുന്ന പ്രധാന റോഡുകളിലടക്കം ഭൂരിഭാഗം തെരുവ് വിളക്കുകളും മാസങ്ങളായി പ്രവർത്തനരഹിതമാണ്. നഗരസഭയുടെ മൂക്കിന് താഴെ എം.എൽ റോഡിലേയും കെ.കെ റോഡിലേയും അവസ്ഥയാണ് ഏറെ ഭയാനകം. ഏതാനും മാസങ്ങൾക്ക് മുമ്പ് നഗരത്തിലെ എട്ടോളം കടകളിൽ രാത്രിയിൽ ഒരേസമയം മോഷണം നടന്നിരുന്നു. തെരുവ് വിളക്കുകൾ മിഴിയടച്ചത് സാമൂഹ്യവിരുദ്ധർ ഉൾപ്പെടെ മുതലെടുക്കുകയാണ്. കോടിമത ബൈപ്പാസ് റോഡ്, പാറയിൽക്കടവ് റോഡ്, കളത്തിൽക്കടവ് റോഡ് എന്നിവിടങ്ങളിൽ ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നുണ്ട്. കോടിമത നാലുവരിപ്പാതയിലെ സോളാർ വിളക്കുകൾ ഉൾപ്പെടെ പ്രവർത്തനരഹിതമാണ്.
നിലാവ് പദ്ധതി നിലാവത്ത്
നഗരത്തിലെ വഴിവിളക്കുകൾ തെളിയ്ക്കുന്നതിനായി ആവിഷ്‌കരിച്ച നിലാവ് പദ്ധതിയെങ്ങുമെത്താതെ തുടരുകയാണ്. പദ്ധതിയ്ക്കാവശ്യമായ ബൾബുകൾ നൽകാത്ത കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. പദ്ധതിയുടെ അപാകതകൾ പരിഹരിക്കാൻ ഒരാഴ്ച മുൻപ് ചേർന്ന നഗരസഭ കൗൺസിലിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. നഗരസഭാ പരിധിയിൽ പഴയ ബൾബുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ഏഴ് വർഷത്തേയ്ക്ക് രണ്ടു കമ്പനികളുമായാണ് കരാർ.
നിലാവ് പദ്ധതിയിൽ ഇതുവരെ സ്ഥാപിച്ചത്: 10718 ബൾബുകൾ
വഴിവിളക്കുകളിലെ ബാറ്ററിയും സോളാർ പാനലുകളും ഇരുമ്പുതൂണുകളും മോഷണം പോകുന്നു
ഇരുട്ടിലായ ഇടങ്ങൾ
കെ.കെ റോഡ്
കോടിമത മാർക്കറ്റ് റോഡ്
ലോഗോസ് റോഡ്
എം.സി റോഡ്
എം.എൽ.റോഡ്
ടി.ബി റോഡ്