കോട്ടയം: ഞങ്ങൾ സഹികെട്ടുപോകുകയാണ്. ഗതികെട്ടാണ് ഇതിൽ യാത്ര ചെയ്യുന്നത്. മറ്റ് നിർവാഹമില്ല! വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാരിൽ അത്രയേറെ അമർഷമുണ്ട്. അത്രകണ്ട് തിരക്കാണ്. ... ഇന്നലെയും യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചങ്ങനാശേരിയിൽ നിന്ന് ആലുവയ്ക്ക് യാത്ര ചെയ്ത ജോവിറ്റ എലിഷ എന്ന യുവതിക്കാണ് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്. തിരക്കിൽ ചെന്ന് കയറിയത് റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ. അവിടെ നിന്ന് ടി.ടി.ഇയുടെ നിർദേശപ്രകാരം ജനറൽ കമ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നെന്ന് ജോവിറ്റ എലിഷ പറഞ്ഞു. യാത്രക്കാർ ഇരിപ്പിടം നൽകിയതോടെ സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിയ യുവതി പിന്നീട് യാത്ര തുടർന്നു.
എന്നെന്നും ആശങ്കയോടെ...
ഈ തിക്കിത്തിരക്ക് എന്ന് അവസാനിക്കും! വേണാട് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാർ കാലങ്ങളായി ഉയർത്തുന്ന ചോദ്യമാണ്. പ്രശ്‌നപരിഹാരത്തിന് കാലതാമസം നേരിടുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. അവധിദിനങ്ങളിലും ആഴ്ചയുടെ ആദ്യാവസാനസമയത്തും രാവിലെയുമാണ് ഏറ്റവും കൂടുതൽ തിരക്കേറുന്നത്. നല്ലൊരു ശതമാനം ആളുകളും തിങ്കളാഴ്ച ട്രെയിൻ യാത്ര ഒഴിവാക്കുകയോ മറ്റ് മാർഗങ്ങൾ തേടുകയോയാണ് ഇപ്പോൾ.
യാത്രക്കാർ പറയുന്നു
തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ കോട്ടയം വഴി എറണാകുളത്തേയ്ക്ക് മെമു സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പരിഹാരം വൈകുംതോറും സമാനതകളില്ലാത്ത ദുരിതമാണ് വേണാടിലെ യാത്രക്കാർക്ക്.
ആശ്വാസമായി മെമ്മു വരും?
വേണാടിലെ തിരക്ക് സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പ്രശ്‌നപരിഹാരം കാണുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ തുടങ്ങിയവരുമായി വിഷയം ചർച്ച ചെയ്തു.
അവർ ഉറപ്പുനൽകി
കൊല്ലത്തിനും എറണാകുളത്തിനും മദ്ധ്യേ കോട്ടയം വഴി അടിയന്തരമായി പാലരുവി എക്‌സ്പ്രസിനും വേണാട് എക്‌സ്പ്രസിനും ഇടയിൽ ഒരു മെമ്മു സർവീസ് അടിയന്തരമായി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.