
കോട്ടയം: ഫോൺ ചോർത്തൽ പരാതിയിൽ പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ കറുകച്ചാൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ധൃതിപിടിച്ച് നടപടി വേണ്ടെന്ന് നിർദ്ദേശം. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ ചോദ്യം ചെയ്യൽ ഉൾപ്പെടെ അതിന്റെ മുറയ്ക്ക് മതിയെന്നാണ് തീരുമാനം.
പരാതിക്കാരനായ നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ കൈവശം തെളിവുകളില്ല. ഫോൺ ചോർത്തിയെന്ന് പത്രസമ്മേളനത്തിൽ അൻവർ പറഞ്ഞതു കേട്ട് നൽകിയ പരാതിയാണ്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് അനുസരിച്ച് ലഹളയുണ്ടാക്കാനുള്ള മന:പൂർവമായ പ്രകോപനം, ടെലികമ്മ്യൂണിക്കേഷൻസ് ആക്ടിലെ 42(2) (a),(b) പ്രകാരം നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് വെളിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രത്യേക സംഘം ഉണ്ടാകില്ല
ദുർബല വകുപ്പുകളായതിനാലും അൻവർ എം.എൽ.എ ആയതിനാലും പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തുടർനടപടി. അന്വേഷണത്തിന് പ്രത്യേക സംഘം ഉണ്ടാകില്ല. ചുമത്തിയ രണ്ടു കുറ്റങ്ങൾക്കും സ്റ്റേഷൻ ജാമ്യം ലഭിക്കും. 192-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവും പിഴയും അല്ലെങ്കിൽ ഇതും രണ്ടും ലഭിക്കാം. പിഴ എത്രയെന്ന് പറയുന്നില്ല. ടെലികമ്മ്യൂണിക്കേഷൻ ആക്ട് തെളിഞ്ഞാൽ മൂന്നുവർഷംവരെ തടവോ രണ്ടുകോടിവരെ പിഴയുമാണ് ശിക്ഷ. തടവും പിഴയും ഒരുമിച്ചും ലഭിക്കാം.