
കോട്ടയം: നീറിക്കാട് കുരിശുപള്ളി ജംഗ്ഷൻ ആറാട്ട്കടവ് റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡ് ഉയർത്തി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. അയർക്കുന്നം പഞ്ചായത്തിലെ 20ാം വാർഡിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. മീനച്ചിലാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റോഡ് ഭാഗം പുറമ്പോക്ക് ഭൂമിയായിരുന്നു. വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് റോഡ് അനുവദിച്ചത്. എന്നാൽ, നാളിതുവരെയായിട്ടും റോഡ് ഉയർത്താനോ ടാറിംഗ് നടത്താനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സമീപത്തെ മൂന്ന് ക്ഷേത്രങ്ങളിലെ ആറാട്ട് കടവ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നിരവധി ഭക്തജനങ്ങൾ ഉൾപ്പെടെയെത്തുന്ന റോഡാണ് ശോച്യാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. പത്തോളം വീടുകളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
സംരക്ഷണഭിത്തിയില്ല, തീരമിടിച്ചിൽ
പകുതി ഭാഗം വരെ മാത്രമേ മീനച്ചിലാറിന്റെ തീരത്ത് സംരക്ഷണഭിത്തിയുള്ളൂ. നൂറ് മീറ്ററോളം ഭാഗം ഇടിഞ്ഞതിനെ തുടർന്ന് കാൽനടയാത്ര മാത്രമേ സാധ്യമാകൂ. പ്രദേശത്ത് നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവർക്ക് ഇങ്ങോട്ടേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ആശ്രയമാണിത്. വാഹനങ്ങൾ കടവ് ഭാഗത്ത് പാർക്ക് ചെയ്ത ശേഷം കാൽനടയായി സാധനങ്ങൾ ഉൾപ്പെടെ തലച്ചുമടായി കൊണ്ടുപോകണം. രാത്രികാലങ്ങളിലും മറ്റും ഇതിലൂടെയുള്ള യാത്ര കഠിനമാണ്. വെള്ളപ്പൊക്ക സമയത്ത് റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതം നിറഞ്ഞതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പുറംമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തികൾ
മീനച്ചിലാറിനോട് ചേർന്ന് 20ലേറെ ഏക്കർ പുറമ്പോക്ക് ഭൂമിയാണ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വ്യക്തികൾ പുറമ്പോക്ക് ഭൂമി കയ്യേറി വേലികെട്ടി കരിമ്പ് കൃഷി ഉൾപ്പെടെയാണ് ഇവിടെ ചെയ്തിട്ടുണ്ട്. എന്നാൽ, അധികൃതർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
കല്ലും കരിങ്കലും ചെളിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. അതിനാൽ, റോഡ് ഉയർത്തി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണം. -സദാനന്ദൻ, പ്രദേശവാസി