
കോട്ടയം : എം.ജി സർവകലാശാല രജിസ്ട്രാറായി ഡോ. ബിസ്മി ഗോപാലകൃഷ്ണനെ നിയമിച്ചു. സ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ട്, ഡിപ്പാർട്ട്മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ മേധാവിയും സർവകലാശാലാ റിസർച്ച് ഡയറക്ടറുമാണ്. എം.ജി സിൻഡിക്കേറ്റ് അംഗം, കേരള സർവകലാശാല നിയമ പഠന വകുപ്പ് മേധാവി, ഡീൻ, നുവാൽസ് അക്കാഡമിക് കൗൺസിൽ അംഗം, കണ്ണൂർ സർവകലാശാല അദ്ധ്യാപിക തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ്.
ട്രഷറി ഇടപാടുകൾ
ഇന്ന് വൈകും
തിരുവനന്തപുരം: ഇന്നലെ അർദ്ധ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായതിനാൽ ഇന്ന് ട്രഷറി ഇടപാടുകൾ തുടങ്ങുന്നതിന് കാലതാമസമുണ്ടാകും. ഇന്നലെ ട്രഷറികളിലെ നീക്കിയിരുപ്പ് പണം പൂർണമായും ബാങ്കുകളിൽ തിരിച്ചടച്ചു. ഇത് ബാങ്കുകളിൽ നിന്ന് തിരിച്ചെടുത്തതിന് ശേഷമേ ഇന്ന് ട്രഷറികളിൽ ഇടപാടുകൾ ആരംഭിക്കൂ. പെൻഷൻ, സേവിംഗ്സ് ബാങ്ക് വഴിയുള്ള പണമിടപാടുകൾക്ക് കാലതാമസമുണ്ടാകുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
ലോഡ് ഷെഡ്ഡിംഗ്
മുന്നറിയിപ്പുമായി
കെ.എസ്.ഇ.ബി
തിരുവനന്തപുരം: ദേശീയ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി കിട്ടാത്തതുമൂലം സംസ്ഥാനത്ത് ഉപഭോഗം കൂടിയാൽ അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. വൈകിട്ട് ആറുമുതൽ രാത്രി 11വരെയുള്ള സമയങ്ങളിൽ കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന വാഷിംഗ് മെഷീൻ, എ.സി,വെഹിക്കിൾ ചാർജിംഗ് തുടങ്ങിയവ ഉപയോഗിക്കാതെ ഉപഭോഗം കുറയ്ക്കണമെന്നാണ് അഭ്യർത്ഥന.
465 മെഗാവാട്ടിന്റെ കരാർ റദ്ദാക്കിയതുമൂലം സംസ്ഥാനത്ത് വെെദ്യുതി കമ്മിയുണ്ട്. ഉപഭോഗം കൂടുന്ന സാഹചര്യങ്ങളിൽ ജലവൈദ്യുതി ഉത്പാദനം കൂട്ടിയും പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയുമാണ് പ്രതിസന്ധി മറികടക്കുന്നത്.ഇന്നലെ എക്സ്ചേഞ്ചിൽ വാങ്ങാൻ വൈദ്യുതിയില്ലെന്ന അറിയിപ്പ് കിട്ടിയതോടെയാണ് ഉപഭോഗം കൂടുകയാണെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവന്നേക്കുമെന്ന മുന്നറിയപ്പുണ്ടായത്.
മൃഗശാലകളിൽ
വിദ്യാർത്ഥികൾക്ക്
സൗജന്യപ്രവേശനം
തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ൽ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ പ്രവേശനം സൗജന്യമായിരിക്കും.
പൊതു അവധി നൽകണമെന്ന് ബ്രാഹ്മണ സഭ
തിരുവനന്തപുരം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജവയ്പ്പിന് പിറ്റേന്ന് സരസ്വതി പൂജ നടക്കുന്ന ദിവസം അക്ഷരങ്ങൾ എഴുതാനും വായിക്കാനും പാടില്ലെന്ന ആചാരമുള്ളതിനാൽ 11 ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്.ഗണേഷ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
കരാർ നിയമനം
തിരുവനന്തപുരം:ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡെയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിൽ ആറു മാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541 (ഫോൺ:04922-226040) വിലാസത്തിൽ സമർപ്പിക്കണം.