പാലാ: പോളിടെക്‌നിക്കിലെ വിദ്യാർത്ഥികൾക്ക് ഇനി കുടിവെള്ളം തേടി അലയേണ്ടതില്ല. കുടിക്കാനും കുളിക്കാനും മറ്റും ഇഷ്ടംപോലെ വെള്ളം ശേഖരിക്കാനുള്ള കുടിവെള്ള പ്ലാന്റിന്റെയും ടാങ്കിന്റെയും നിർമ്മാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

വേനലിന്റെ തുടക്കത്തിൽ തന്നെ കുടിവെള്ളത്തിന് വലയേണ്ട അവസ്ഥയാണ് പാലാ കാനാട്ടുപാറയിലുള്ളത്. ഇവിടെയുള്ള പോളിടെക്‌നിക്കിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

വേനൽ മൂർച്ഛിക്കുമ്പോൾ ആഴ്ചയിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്ന ഒരു ടാങ്ക് വെള്ളമായിരുന്നു വിദ്യാർത്ഥികളുടെ ഏക ആശ്രയം. വെള്ളം യഥേഷ്ടം ലഭ്യമാകാതെ വരുമ്പോഴാണ്ടാകുന്ന പ്രശ്‌നങ്ങൾ അധികാരികൾക്ക് എന്നും തലവേദനയായിരുന്നു. കുട്ടികൾ പിരിവെടുത്തും അദ്ധ്യാപകർ സഹായിച്ചുമാണ് വെള്ളത്തിന്റെ ക്ഷാമം ഒരുവിധം പരിഹരിച്ചിരുന്നത്.

നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന പോളിടെക്‌നിക് കോളേജിൽ വേനൽക്കാലമായാൽ ശുദ്ധജലം ലഭ്യമായിരുന്നില്ല. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠിക്കാനെത്തുന്ന കുട്ടികൾക്കായി സർക്കാർ വക ഹോസ്റ്റലുമുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും തുണി അലക്കാനും ബാത്‌റൂം ഉപയോഗത്തിനുമായി നഗരസഭ അനുവദിക്കുന്ന വെള്ളമായിരുന്നു ഏക ആശ്രയം.

ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പൻ എം.എൽ.എ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് നൽകിയ നിവേദനത്തെത്തുടർന്നാണ് നാല് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന് അനുമതി ലഭിച്ചത്.

മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം കുടിക്കാനും ഭക്ഷണാവശ്യത്തിനുമായി ശുദ്ധി ചെയ്യാനുള്ള പ്ലാന്റിനുമാണ് 96 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.

ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ. നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ജോസ് ജോസഫ്, ഓവർസീയർ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു പി. ആർ, അദ്ധ്യാപകരായ എ.കെ രാജു, ശ്യം രാജ് എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.


എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കും

പോളിടെക്‌നിക്കിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് എത്രയുംവേഗം ടാങ്കിന്റെയും പ്ലാന്റിന്റെയും നിർമ്മാണം പൂർത്തീകരിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

-മാണി സി. കാപ്പൻ എം.എൽ.എ.