പാലാ: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജനമൈത്രി പൊലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും ഇന്ന് പാലായിൽ നടക്കും. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിന്റെ 125ാമത് രക്തദാനത്തോട് അനുബന്ധിച്ച് നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ.പി.എസും സിനി ആർട്ടിസ്റ്റും മോഡലുമായ ട്രിനിറ്റി എലിസാ പ്രകാശും രക്തം ദാനം ചെയ്യും.

ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 125ാം തവണ 125 പേരോടൊപ്പം രക്തം ദാനം ചെയ്യുന്ന പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെ ആദരിക്കും. രാവിലെ 10 ന് ടൗൺ ഹാളിൽ നടക്കുന്ന മെഗാ രക്തദാന ക്യാമ്പ് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും 10.30ന് പൊതുസമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഐ.പി.എസ് മുഖ്യ പ്രഭാഷണവും പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരത്തേൽ മുഖ്യാതിഥിയായും പങ്കെടുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയയും ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം ഡോ. വ്യാസ് സുകുമാരനും വിഷയാവതരണം നടത്തും. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ്
വിനോദ് പിള്ള പുരസ്‌കാര വിതരണം നടത്തും.