letter

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് കൊൽക്കത്തയ്ക്ക്. എന്നാൽ കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിനിക്കു നേരെയുണ്ടായ അതിക്രൂരമായ മാനഭംഗ കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതേത്തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭ പരിപാടികളാണ് രാജ്യത്തെമ്പാടും ഉണ്ടായത്. സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഓരോ ദിവസവും ചെറുതും വലുതുമായ ഇത്തരം നിരവധി പ്രശ്നങ്ങളാണ് ആരോഗ്യമേഖല അഭിമുഖീകരിക്കേണ്ടി വരുന്നതെന്നത് വാസ്തവമാണ്. എന്നാൽ ആരോഗ്യപ്രവർത്തകർക്കു നേരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാനും സുരക്ഷ ഒരുക്കാനുമായി ശക്തമായ നിയമനടപടികൾ ആത്മാർത്ഥതയോടെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഏറുകയാണ്.

പ്രകാശ്

ഏറ്റുമാനൂർ

ഹേമ കമ്മിറ്റി

റിപ്പോർട്ട്

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം അത്യന്തം ഗൗരവമുള്ളതാണ്. വളരെയധികം ഞെട്ടലോടെയും നടുക്കത്തോടെയുമാണ് മലയാളികൾ ഈ റിപ്പോർട്ടിലെ വിവരങ്ങൾ കേട്ടറിഞ്ഞത്. 296 പേജുള്ള റിപ്പോർട്ടിലെ 60 പേജുകൾ ഇനിയും പുറത്തുവിട്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. റിപ്പോർട്ടിന്മേൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ആ സ്ഥിതിക്ക്,​ ക്ലെെമാക്സ് മേശമായതിനാൽ പരാജയപ്പെട്ട ഒരു സിനിമ പോലെ ഹേമാ കമ്മിറ്റി റിപ്പോർട്ടും പിൻതള്ളപ്പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല. വരുംദിവസങ്ങളിലെങ്കിലും സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളിൽ സർക്കാർ ഗൗരവപൂർവം ഇടപെടേണ്ടതുണ്ട്.

ജയകുമാർ

തൊടുപുഴ