
'മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കും, സാമ്പത്തിക നേട്ടങ്ങൾക്കും വേണ്ടി അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാൻ മനുഷ്യ സമൂഹത്തിനാവണം." ദീർഘദർശിയായ ശ്രീനാരായണ ഗുരുദേവൻ 13 ദശകങ്ങൾക്ക് മുമ്പ് ബോദ്ധ്യപ്പെടുത്തിയ ശാസ്ത്രസത്യം ഉൾക്കൊള്ളാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ നേർസാക്ഷ്യങ്ങളാണ് സമീപകാലങ്ങളിൽ കേരളത്തെ നടുക്കിയ മഹാപ്രളയങ്ങളും ഇപ്പോൾ വയനാട്ടിൽ സംഭവിച്ചത് ഉൾപ്പെടെയുള്ള ഉരുൾപൊട്ടലുകളും.
പ്രകൃതിയും മനുഷ്യനും തമ്മിൽ ഇഴപിരിക്കാനാവാത്ത ബന്ധമാണുള്ളതെന്നും, പ്രകൃതി നിയമങ്ങൾക്ക് വിധേയനായി വേണം മനുഷ്യൻ ഭൂമിയിൽ കഴിയേണ്ടതെന്നും ഗുരുദേവൻ 'ആത്മോപദേശ ശതകത്തിൽ" പറയുന്നു. യുഗപ്രഭാവനായ ഗുരുദേവനെ അറിയാൻ രണ്ട് മാർഗങ്ങളാണുള്ളത്. ഗുരുവിന്റെ ചിന്തോദ്ദീപകങ്ങളായ കൃതികൾ വായിച്ചു പഠിക്കുകയാണ് അതിലൊരു വഴി. ഗുരുവിന്റെ കർമ്മമണ്ഡലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, അനുഗുണമായി മനനം ചെയ്യുകയുമാണ് മറ്റൊരു വഴി. യോഗത്തിൽ പതഞ്ജലിയും, ജ്ഞാനത്തിൽ ശങ്കരനും, ഭരണകൗശലത്തിൽ മനുവും, ത്യാഗത്തിൽ ബുദ്ധനും, സ്ഥൈര്യത്തിൽ മുഹമ്മദും, വിനയത്തിൽ ക്രിസ്തുവുമായ മഹർഷിവര്യൻ എന്നുമാണ്, ഗുരുദേവന്റെ സമാധി വേളയിൽ ബ്രഹ്മവിദ്യാസംഘത്തിന്റെ മാസികയായ സനാതന ധർമ്മത്തിൽ വിശേഷിപ്പിച്ചത്. ബാലപ്രാർത്ഥനയായ ദൈവദശകത്തിൽ തുടങ്ങി ശ്രീനാരായണീയരുടെ ഭഗവദ്ഗീതയായ ആത്മോപദേശ ശതകം വരെയുള്ള ഗുരുദേവ കൃതികളിൽ ഉൾക്കൊള്ളുന്ന സൂക്ഷമായ ആശയങ്ങൾ മനസിലാക്കുമ്പോഴാണ് ഗുരുദേവൻ ആരെന്നും, എന്തെന്നും നമുക്ക് തിരിച്ചറിയാനാവുക.
സംഘടന, വിദ്യ, ദാരിദ്യം, ധനം, കൃഷി, വ്യവസായം, ശുചിത്വം, മിതവ്യയം, മാനേജ്മെന്റ്, ബാങ്കിംഗ് തുടങ്ങി ആധുനിക കാലത്ത് മനുഷ്യൻ വ്യാപരിക്കുന്ന സകല കാര്യങ്ങളിലും ആഴത്തിലുള്ള ഉൾക്കാഴ്ചയും വീക്ഷണങ്ങളും ഒരു നൂറ്റാണ്ടു മുമ്പ് ഗുരുദേവൻ പുലർത്തിയിരുന്നുവെന്നത് ആരെയും അമ്പരപ്പിക്കും. അത്തരത്തിൽ ഓരോ ജീവിത മേഖലയിലുമുള്ള ഗുരുദേവന്റെ അറിവും, മാഹാത്മ്യവും ഉയർത്തിക്കാട്ടുകയെന്ന മഹത്തായ ഉദ്യമമാണ് 'ശ്രീനാരായണ ഗുരുദേവ ചിന്തകൾ" എന്ന കൃതിയിൽ ദർശിക്കാനാവുന്നത്. ഗുരുദേവ ദർശന പടുക്കളിൽ തന്നെ അധികമാരും കൈവയ്ക്കാൻ ധൈര്യപ്പെടാതിരുന്ന ഗുരുവിന്റെ സാമ്പത്തിക ദർശനത്തെക്കുറിച്ചുള്ള ലളിതവും അർത്ഥവത്തുമായ പഠനഗ്രന്ഥം ശ്രീനാരായണ സാഹിത്യത്തിന് സമ്മാനിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം. ശാർങ്ഗധരന്റേതാണ് ഗുരുവിനെ അടുത്തറിയാൻ പര്യാപ്തമായ ഈ കൃതിയും. ശിവഗിരി മഠത്തിന്റ അഡ്മിനിസ്ട്രേറ്റർ ആകാൻ ഗുരുകടാക്ഷം ലഭിച്ച ഡോ.എം. ശാർങ്ഗധരന്റെ ഈ രചനയിലും ഗുരുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വാമഭാഗവും ഗുരുദേവ ഭക്തയുമായ ഡോ. എൻ. രത്നകുമാരിയുടെ ചിന്തകളും ഗുരുവിനുള്ള പുഷ്പഹാരത്തിൽ ഇഴ ചേരുന്നു. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തവും ഗുരുദേവ ധർമ്മവും തമ്മിലുള്ള വ്യത്യാസം കൂടി മനസിലാക്കിയാലേ ഗുരുദേവ ദർശനത്തിന്റെ സവിശേഷ പ്രസക്തി വ്യക്തമാകൂ എന്ന് ഈ ലേഖന പരമ്പരയിൽ ലേഖകൻ അടിവരയിടുന്നു. ആലുവയിൽ ഗുരുദേവൻ സ്ഥാപിച്ച സംസ്കൃത സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഗുരുദേവനോട് ചോദിച്ചു: 'ബ്രാഹ്മണർക്ക് മാത്രമേ സംസ്കൃതം പാടുള്ളൂ എന്ന് ശങ്കര സ്മൃതിയിൽ പറയുന്നുണ്ടല്ലോ?" ഗുരുവിന്റെ മറുപടി- 'അവിടെ ശങ്കരന് തെറ്റിപ്പോയി. ശൂദ്ര ജാതിയിൽ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുവന് വേദം പഠിച്ചുകൂടെന്ന് ഏതു ഭഗവാൻ പറഞ്ഞാലും ഇന്നാരും വക വച്ചു കൊടുക്കില്ല. ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത വ്യവസ്ഥയാണിത്."
പ്രസാധകർ:
മൈത്രി ബുക്സ്, തിരുവനന്തപുരം