sunitha

നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് മൂന്നു മാസത്തോളമാകുന്നു. ഒരാഴ്ചത്തെ ദൗത്യത്തിനാണ് ഇരുവരും ബോയിംഗ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ മനുഷ്യ ദൗത്യത്തിൽ പോയത്. സ്റ്റാർ ലൈനറിന്റെ തകരാറുകൾ പരിഹരിക്കാൻ കഴിയാത്തതിനാൽ മടക്കയാത്ര നീളുകയാണ്. ഇരുവരും അപ്രതീക്ഷിതമായി നിലയത്തിൽ കുടുങ്ങിയത് പ്രതിസന്ധിയായിരുന്നു. ദീർഘകാലത്തേക്കുള്ള വ്യക്തിഗത സാധനങ്ങൾ ഇരുവരുടെയും പക്കൽ ഇല്ലായിരുന്നു. നിലയത്തിലെ മറ്റു സഞ്ചാരികളുടെ വിഭവങ്ങൾ പങ്കിടേണ്ടിവന്നു. അവിചാരിതമായ ദീർഘകാല താമസം ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള അവസരവുമായി.

കുടുങ്ങിയത്

എങ്ങനെ?​

ജൂൺ അഞ്ചിന് വിക്ഷേപിച്ച ശേഷം സ്റ്റാർലൈനർ പേടകത്തിൽ അഞ്ചു തവണ ഹീലിയം ചോർച്ചയുണ്ടായി. എൻജിനുകളിലേക്ക് (ത്രസ്റ്ററുകൾ) ഇന്ധനം തള്ളിവിടുന്നത് ഹീലിയമാണ്. 27 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തനരഹിതവുമായി. ഒരു പ്രൊപ്പലന്റ് വാൽവ് പൂർണമായും അടയാതായി. സോഫ്റ്റ്‌വെയർ അപ്ഡേഷൻ വേണ്ടിവരും. തകരാറുകൾ പരിഹരിക്കാത്തതിനാൽ സഞ്ചാരികളെ ഇതിൽ കൊണ്ടുവരേണ്ട എന്ന് നാസ തീരുമാനിച്ചു. സാങ്കേതിക തകരാറിൽ കൊളംബിയ സ്പേസ് ഷട്ടിൽ കത്തി ഇന്ത്യൻ വംശജ കൽപ്പന ചൗള ഉൾപ്പെടെ ഏഴു സഞ്ചാരികൾ കൊല്ലപ്പെട്ട ദുരനുഭവം മുന്നിലുണ്ട്. ഇതോടെ സുനിതയും വിൽമോറും ഏഴുമാസത്തിലേറെ ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരും.

ശാസ്‌ത്രവും

കൃഷിയും

ദൗത്യം വൈകിയതോടെ ഇരുവരെയും നിലയത്തിലെ ഫുൾടൈം ക്രൂവിന്റെ (എക്സ്‌പെഡിഷൻ 72 ) ഭാഗമാക്കി. നിലയത്തിന്റെ പരിപാലനം, ബഹിരാകാശ നടത്തം, റോബോട്ടിക്സ്, മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ എന്നിവയിൽ മുഴുകുന്നു. ബഹിരാകാശത്ത് ഫൈബർ ഒപ്റ്റിക് കേബിൾ നിർമ്മിക്കാനുള്ള സങ്കേതങ്ങൾ പരീക്ഷിക്കുന്നു. നിലയത്തിൽ ദീർഘകാലം താമസിക്കുന്ന സഞ്ചാരികൾക്ക് പോഷക ഭക്ഷണത്തിനു വേണ്ട സസ്യങ്ങൾ വളർത്തുന്ന പരീക്ഷണവുമുണ്ട് (വെഗ്ഗീ - വെജിറ്റബിൾ പ്രൊഡക്‌ഷൻ സിസ്റ്റം). മാനസികോല്ലാസത്തിന് പൂച്ചെടികളും വളർത്തുന്നു. കാർഷിക വിളകൾക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളും പരീക്ഷിക്കുന്നു. ദൗത്യം നീളുന്നതിന്റെ സമ്മർദ്ദം ഒഴിവാക്കാൻ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇമെയിൽ, ഫോൺ, വിഡിയോ കാൾ എന്നിവ വഴി ബന്ധപ്പെടുന്നു.

കായിക

പരിശീലനം

നിലയത്തിൽ ഗുരുത്വബലമില്ലാത്ത അവസ്ഥയിൽ കൂടുതൽ കാലം കഴിയുന്ന സഞ്ചാരികൾക്ക് പേശിക്കും അസ്ഥിക്കും ബലം കിട്ടാൻ കായിക പരിശീലനം അത്യാവശ്യമാണ്. ഇതിനായി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നു. ഡിസ്‌കസ് ത്രോ, പൊമ്മൽ ഹോഴ്സ് തുടങ്ങിയ കായിക ഇനങ്ങൾ അനുകരിച്ചുള്ള വ്യായാമവുമുണ്ട്.

നിലയത്തിലെ ടോയ്ലെറ്റിന്റെ തകരാർ പരിഹരിക്കാനുള്ള പമ്പ് ഘടിപ്പിക്കാനായി സുനിതയുടെയും വിൽമോറിന്റെയും ലഗേജ് സ്റ്റാർലൈനർ പേടകത്തിൽ നിന്ന് മാറ്റിയിരുന്നു. ഇത് ബുദ്ധിമുട്ടുണ്ടാക്കി. നോർത്രോപ് ഗ്രൺമാൻ എയ്‌റോസ്പേസ് കമ്പനിയുടെ സിഗ്നസ് ചരക്കുപേടകം എത്തിയതിനാൽ ഭക്ഷണം ഉൾപ്പെടെ അവശ്യ സാധനങ്ങൾ കിട്ടി. ശാസ്ത്ര ഉപകരണങ്ങൾ ഉൾപ്പെടെ 3700 കിലോ സാധനങ്ങളാണ് എത്തിച്ചത്. നിലയത്തിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഓക്സിജനും വസ്ത്രങ്ങളും സ്റ്റോക്കുണ്ടെന്ന് നാസ അറിയിച്ചു.

അപ്രീക്ഷിത

പ്രതിന്ധികൾ

നിലയത്തിൽ സഞ്ചാരികളുടെ താമസം അവിചാരിതമായി നീളുന്നത് ആദ്യമല്ല.നാസയുടെ ഫ്രാങ്ക് റൂബിയോയും രണ്ട് റഷ്യൻസഞ്ചാരികളും എത്തിയ സോയൂസ് പേടകത്തിൽ ബഹിരാകാശ മാലിന്യം ഇടിച്ച് ചോർച്ചയുണ്ടായതു കാരണം അവർക്ക് ഒരു വർഷത്തിലേറെ (371ദിവസം) നിലയത്തിൽ കഴിയേണ്ടി വന്നു. സുനിതയും വിൽമോറും പലപ്പോഴായി 500 ദിവസത്തിലേറെ നിലയത്തിൽ കഴിഞ്ഞിട്ടുണ്ട്.

ഫെബ്രുവരിയിൽ

മടക്കയാത്ര

സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിലാവും മടക്കം. നേരത്തേ നിലയത്തിലുള്ള സംഘത്തിന്റെ ദൗത്യം അടുത്ത വർഷം ഫെബ്രുവരിയിലേ പൂർത്തിയാവൂ. അതിനു ശേഷമായിരിക്കും മടക്കയാത്ര. സെപ്റ്റംബർ 24നാണ് ക്രൂ ഡ്രാഗൺ വിക്ഷേപണം. ഇതിൽ നാല് സഞ്ചാരികൾ പോകാനിരുന്നതാണ്. സുനിതയ്ക്കും ബുച്ച്മോറിനും തിരിച്ചു വരാനായി രണ്ട് സീറ്റുകൾ ഒഴിച്ചിട്ട് രണ്ടുപേരേ പോകുന്നുള്ളൂ. ഇവർക്കൊപ്പം നിലയത്തിലെ രണ്ടു സഞ്ചാരികളും ക്രൂ ഡ്രാഗണിൽ ഭൂമിയിലേക്കു മടങ്ങും. ശാന്തസമുദ്രത്തിലാണ് ലാൻഡിംഗ്. സ്റ്റാർ ലൈനറിനെ ആളില്ലാതെ തിരിച്ചു കൊണ്ടുവരും.

ബഹിരാകാശ നിലയത്തിൽ നിലവിൽ സ്റ്റാർ ലൈനറിനെ കൂടാതെ രണ്ട് പേടകങ്ങൾ പാർക്ക് ചെയ്‌തിട്ടുണ്ട്- സ്‌പേസ് എക്സും റഷ്യയുടെ സോയൂസും. ഇതിൽ സ്പേസ് എക്സ് മാർച്ച് മുതൽ നിലയത്തിലുള്ള നാല് സഞ്ചാരികളുമായി സെപ്റ്റംബറിൽ മടങ്ങും. അപ്പോഴേക്കും സ്പേസ് എസിന്റെ അടുത്ത പേടകം നിലയത്തിലെത്തും. അതാണ് ഫെബ്രുവരിയിൽ സുനിതയുമായി തിരികെ വരുന്നത്.