
ബ്രസീലിയ: ബ്രസീലിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് നിരോധനം. തീരുമാനം പ്രാബല്യത്തിൽ വന്നു. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം. സെൻസർഷിപ്പ് നയങ്ങളുടെ പേരിൽ എക്‌സും സുപ്രീംകോടതിയും ഏറെനാളായി ഭിന്നതയിലായിരുന്നു.കോടതി ഉത്തരവ് അനുസരിക്കുകയും 30 ലക്ഷം ഡോളറിലേറെ പിഴ അടയ്ക്കുകയും ചെയ്താൽ വിലക്ക് നീക്കുമെന്ന് ജസ്റ്റിസ് അലക്‌സാൻഡ്രെ ഡി മോറിയസ് ഉത്തരവിട്ടു. ആപ്പ് സ്റ്റോറുകളിൽ നിന്ന് എക്സിനെ നീക്കാൻ ആപ്പിൾ, ഗൂഗിൾ എന്നിവയ്ക്ക് അഞ്ച് ദിവസത്തെ സമയം നൽകി.
വി.പി.എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) വഴി എക്‌സ് ഉപയോഗിച്ചാൽ പ്രതിദിനം 9,000 ഡോളർ നിരക്കിൽ പിഴ ചുമത്തും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസിൽവ പ്രതികരിച്ചു. ഇതിനിടെ, എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന്റെ ബ്രസീലിലെ ബാങ്ക് അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. മുമ്പ്, ടെലിഗ്രാം, വാട്‌സ്‌ആപ്പ് എന്നിവ ബ്രസീലിൽ താത്കാലിക നിരോധനം നേരിട്ടിരുന്നു.
മോറിയസ് x എക്‌സ്
ഏപ്രിലിലാണ് പ്രശ്നങ്ങളുടെ തുടക്കം. മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ കാലത്ത് വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എക്‌സ് അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യാൻ ജസ്റ്റിസ് മോറിയസ് ഉത്തരവിട്ടു.റീആക്ടിവേറ്റ് ചെയ്യുന്ന അക്കൗണ്ടുകൾക്ക് എക്സ് പ്രതിദിനം 19,774 ഡോളർ പിഴ നൽകേണ്ടി വരുമെന്നും പറഞ്ഞു. എന്നാൽ, ഇത് തങ്ങളുടെ സ്വകാര്യതാ നയങ്ങളുടെ ലംഘനമാണെന്ന് എക്‌സ് ചൂണ്ടിക്കാട്ടി. ഉത്തരവ് പാലിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് തങ്ങളുടെ നിയമ പ്രതിനിധിയെ മോറിയസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. തുടർന്ന് ആഗസ്റ്റിൽ എക്സിന്റെ ബ്രസീൽ ഓഫീസിന്റെ പ്രവർത്തനം നിറുത്തി. എന്നാൽ, ബ്രസീലിലെ ഉപഭോക്താക്കൾക്ക് എക്സ് ഉപയോഗിക്കാൻ തടസമുണ്ടായിരുന്നില്ല.
അഭിപ്രായ സ്വാതന്ത്റ്യം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ബ്രസീലിലെ ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ നശിപ്പിക്കുന്നു.
- ഇലോൺ മസ്‌ക്, എക്‌സ് ഉടമ