virudhar

തടി കൂടുതലുള്ളവർക്ക് ബുദ്ധിശേഷി കുറയുമെന്നാണ് ഒരു സിനിമയിൽ കേട്ട ഡയലോഗ്. അത് തീർത്തും ശരിയാകണമെന്നില്ല. പൊണ്ണത്തടിയന്മാരും തടിച്ചികളുമായ എത്രയോ ബുദ്ധി കൂശ്മാണ്ഡങ്ങൾ ലോകത്തുണ്ട്. എന്നാൽ, സി.പി.എം മുൻ മന്ത്രി,​ സാക്ഷാൽഇ.പി സഖാവിന്റെ കാര്യത്തിൽ ഇത് ശരിയാണെന്നാണ് ചിലരെങ്കിലും പറയുന്നത്. അല്ലെങ്കിൽപ്പിന്നെ, ലോക ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലി മരിച്ചപ്പോൾ, ഒളിംപിക്സിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്ന് അന്ന് കായിക മന്ത്രിയായിരുന്ന ഇ.പി പറയുമോ? ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ തന്റെ മകന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം രാവിലെ പത്രക്കാരോട് പറയുമോ? അതും ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കെ!

പറ്റിയതു പറ്റി. അതിന്റെ പേരിൽ കൺവീനർ സ്ഥാനവും തെറിച്ചു. ഇനി പറഞ്ഞിട്ടെന്തു കാര്യം. പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുകിട്ടില്ല. എല്ലാം ആ പഹയൻ (ജാവദേക്കർ )ചെയ്തുവച്ച പണിയാണ്. കാറിൽ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെ താൻ മകന്റെ വീട്ടിലുണ്ടെന്ന് എങ്ങനെയോ മണത്തറിഞ്ഞ് അങ്ങേര് തന്നെ കാണാൻ അവിടെ എത്തിയതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. രാഷ്ട്രീയ എതിർ പാളയങ്ങളിലുള്ളവർക്ക് അങ്ങനെ എളുപ്പം പിടികൊടുക്കുന്ന ടൈപ്പല്ല താൻ. സമയദോഷമാകാം. അങ്ങേര് നിനച്ചിരിക്കാതെ വീട്ടിലേക്ക് കയറി വന്നു. ഇറങ്ങിപ്പോകാൻ പറയാൻ മലയാളിയുടെ ആതിഥ്യമര്യാദ അനുവദിച്ചില്ല.

പക്ഷേ,​ അങ്ങേര് ഉദ്ദേശിച്ച കാര്യം നടന്നില്ല. ലോഹ്യംപറച്ചിൽ രാഷ്ട്രീയത്തിലേക്കു കടന്നതോടെ,​ പുള്ളിക്കാരന്റെ രോഗം മനസിലായി. ചായ കടിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞ്, എവിടെയോ എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് സൂത്രത്തിൽ താൻ ഉടനെ സ്ഥലം കാലിയാക്കി. പുള്ളിക്കാരനും പിന്നെ അവിടെ നിന്നില്ലെന്നാണ് പിന്നീട് അറിഞ്ഞത്. ഇക്കാര്യം മനസിൽ സൂക്ഷിച്ചാൽ പോരായിരുന്നോ എന്നും, വോട്ടെടുപ്പ് ദിവസം തന്നെ എന്തിന് പത്രക്കാരോടു വിളമ്പിയെന്നുമാണ് പലരും ചോദിക്കുന്നത്. ചാനലുകാരെ കണ്ടപ്പോൾ നിഷ്കളങ്കത കൊണ്ട് പറഞ്ഞുപോയതാണ്. അന്നേ ദിവസം എല്ലാ ചാനലുകളിലും പിറ്റേ ദിവസത്തെ പത്രങ്ങളിലും അതിന്റെ പേരിൽ താൻ നിറഞ്ഞുനിന്നതിൽ രോമാഞ്ചമണിഞ്ഞതുമാണ്. അതൊരു പുലിവാലാകുമെന്ന് ആരു കണ്ടു. അതിന്റെ പേരിലാണ് പാർട്ടി ഇപ്പോൾ തന്നോടു കാട്ടിയ ഈ കൊടുംചതി!

അല്ലെങ്കിൽത്തന്നെ പാർട്ടിക്കു വേണ്ടി തന്നെപ്പോലെ ശരീരത്തിൽ വെടിയുണ്ട വഹിച്ചു നടക്കുന്ന വേറെ എത്ര സഖാക്കളുണ്ട്? അതെങ്കിലും ഓർക്കേണ്ടതല്ലേ. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ എം.വി. ഗോവിന്ദനേക്കാൾ സീനിയറാണ് താൻ. എന്നിട്ടും കോടിയേരി സഖാവ് ഓർമ്മയായപ്പോൾ പകരം സംസ്ഥാന സെക്രട്ടറി സ്ഥാനവും പൊളിറ്റ് ബ്യൂറോ അംഗത്വും ജൂനിയറായ ഗോവിന്ദന്. തന്നെ വെട്ടി. സഹിക്കുന്നതിനും ഒരതിരില്ലേ? അതിന്റെ പേരിൽ പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാതെ കുറേനാൾ മാറിനിന്നതാണ്. ആ ഗോവിന്ദന്റെ ജാഥയിൽ കൂടെ നടക്കാൻ തന്നെ കിട്ടില്ല. കാസർകോട്ട് ജാഥയുടെ ഉദ്ഘാടനം നടക്കുമ്പോൾ താൻ ഉറ്റ സുഹൃത്തായ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കാൻ പോയതും തെറ്റാണത്രെ. പ്രായമായവരെ ആദരിക്കാൻ പഠിക്കണം. ജാഥയിൽ പിന്നീടും കയറാം.

സാന്റിയാഗോ മാർട്ടിനിൽ നിന്നൊക്കെ താൻ പണം വാങ്ങിയെന്നാണ് ശത്രുക്കൾ പറഞ്ഞു നടക്കുന്നത്. അത് പാർട്ടി പത്രത്തിനു വേണ്ടിയല്ലേ? പണത്തിനും അയിത്തമോ?പിന്നെ, പഴയ സഖാക്കന്മാരെപ്പോലെ കട്ടൻചായയും പരിപ്പുവടയും ഭക്ഷിച്ച് ജീവിക്കാൻ വേറെ ആളെ നോക്കണം. അത് പരസ്യമായി പറഞ്ഞു പോയതാണ് കുഴപ്പം! 'പാപിയോടൊപ്പം ശിവൻ ചേർന്നാൽ ശിവനും പാപിയായിടും" എന്നാണ് ഇ.പി- ജാവദേക്കർ കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി സഖാവ് അല്പം മുനവച്ച് പറഞ്ഞത്. അതിപ്പോൾ ശരിയായില്ലേ? ഇതിൽ ആരാണ് പാപി, ആരാണ് ശിവൻ എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

എന്തായാലും പാർട്ടി സെക്രട്ടേറിയറ്റിൽ ഇരുത്തിപ്പൊരിക്കുകയും, കൺവീനർ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ തുടർന്നുള്ള സംസ്ഥാന കമ്മിറ്റി യോഗം ബഹിഷ്കരിച്ച് ഇ.പി എ.കെ.ജി സെന്ററിന്റെ പടിയിറങ്ങിയതാണ്. നേരേ കണ്ണൂരിലെ വീട്ടിലേക്ക്. ചാനലുകാർ പരമാവധി കുത്തിനോക്കിയിട്ടും ഒരക്ഷരം

പറഞ്ഞില്ല. പറയാനുണ്ടെങ്കിൽ അറിയിക്കാമെന്നു മാത്രം വീട്ടിൽ കയറുന്നതിനിടെ അദ്ദേഹം പറഞ്ഞു. പിന്നെ എന്തൊക്കെ കിംവദന്തികൾ! ഇ.പി ഇനി ബി.ജെ.പിയിൽ ചേരുമെന്നും പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താവുമെന്നും, അതല്ല; ഗോവിന്ദനെ വെട്ടി വീണ്ടും പാർട്ടിയിൽ കരുത്തനാവുമെന്നുമൊക്കെ.... ഇ.പിയെ വേണ്ടത്ര മനസിലായിട്ടില്ലെന്നു തോന്നുന്നു!

 

ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന് ആകെ സ്ഥലജല ഭ്രമം. തൊട്ടു മുന്നിൽ കാണുന്നത് വെള്ളമോ കരയോ?വെള്ളമെന്നു കരുതി മുണ്ടും മടക്കിക്കുത്തി മുന്നിലേക്ക് ഒറ്റച്ചാട്ടം. മൂക്കിടിച്ച് നിലത്തു വീണത് സഹിക്കാം. അതു കണ്ടുള്ള ദ്രൗപദിയുടെ പരിഹാസച്ചിരി കണ്ട് തൊലിയുരിഞ്ഞു. ദ്രൗപദിയോടുള്ള ദുര്യോധനന്റെ അന്നത്തെ കട്ടക്കലിപ്പാണ് കുരുക്ഷേത്ര യുദ്ധത്തിലേക്കു നയിച്ച കാരണങ്ങളിലൊന്ന്. അതുപോലെ, നമ്മുടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ചിലപ്പോൾ സ്ഥലജല ഭ്രമം ബാധിക്കാറുണ്ടത്രെ! താനിപ്പോൾ ആരാണെന്നതും, നിൽക്കുന്നത് എവിടെയാണെന്നതും ഒരുനിമിഷം മറന്നുപോകും. ചിലപ്പോൾ ഷൂട്ടിംഗ് സൈറ്റിലാണെന്നു തോന്നും. ഭരത് ചന്ദ്രൻ ഐ.പി.എസൊക്കെ പരകായ പ്രവേശം നടത്തും.

കഴിഞ്ഞ ദിവസം അത്തരമൊരു അവസ്ഥയിലാണ് അദ്ദേഹം വാർത്താ ചാനലുകാരെ തള്ളിമാറ്റിയതും വിരൽ ചൂണ്ടി പൊട്ടിത്തെറിച്ചതും. എന്തൊക്കെ പറഞ്ഞാലും സിനിമയിലെ സുഹൃത്തായ നടൻ മുകേഷിനെ അത്ര പെട്ടെന്ന് തള്ളിപ്പറയാൻ പറ്റുമോ? മുകേഷിനെതിരായ മാനഭംഗക്കേസിനെപ്പറ്റി രാവിലെ ചാനലുകാർ ചോദിച്ചപ്പോൾ, മുകേഷിനെതിരെ കോടതി വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് പച്ചമലയാളത്തിൽ ചോദിച്ചതാണ്. അത് പത്രക്കാർക്കു മാത്രമല്ല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻജിക്കും അത്ര പിടിച്ചില്ല. അവർ ഉദ്ദേശിച്ച മറുപടി അതല്ല. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് കേന്ദ്ര മന്ത്രിയല്ല,​ താനാണെന്ന് സുരേന്ദ്രൻ. അതുവരെ മസിൽപിടിച്ചു നിന്ന സുരേഷ് ഗോപി അതോടെ ശശിയായി.

അപ്പോഴാണ് മൈക്കും പിടിച്ചുള്ള ചാനലുകാരുടെ അടുത്ത വരവ്. താൻ അതിന് മറുപടി പറഞ്ഞേ അടങ്ങൂവെന്ന്

ചാനൽക്കൂട്ടം. എങ്ങനെ ദേഷ്യം വരാതിരിക്കും?​ കേന്ദ്ര മന്ത്രിക്ക് വഴിനടക്കാൻ സ്വാതന്ത്ര്യമില്ലേ? അല്ലെങ്കിൽത്തന്നെ,​ താൻ എവിടെ നിന്നാണ് ഇറങ്ങിവന്നതെന്ന് അവർക്ക് ചിന്തിച്ചുകൂടേ എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. കല്യാണമണ്ഡപത്തിൽ നിന്നാണ് ഇറങ്ങിവരുന്നതെങ്കിൽ സദ്യ കൊള്ളാമായിരുന്നോ എന്നല്ലേ ചോദിക്കേണ്ടത്?​ ചായക്കടയിൽ നിന്നാണെങ്കിൽ ഉഴുന്നുവടയ്ക്ക് ഉപ്പുണ്ടായിരുന്നോ എന്നും! ചാനലുകാർക്കും വേണ്ടേ അൽപ്പം ഔചിത്യം?​ എങ്കിലും മാദ്ധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപി കേസ് കൊടുക്കേണ്ടിയിരുന്നില്ല. കേരളത്തിൽ വരുമ്പോൾ ഇനിയും തമ്മിൽ കാണേണ്ടവരല്ലേ?​

നുറുങ്ങ്:

 സി.പി.എം ചിഹ്നത്തിൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച നടൻ മുകേഷ് എം.എൽ.എ പാർട്ടി

അംഗമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

# അതിനാൽ ഈ രക്തത്തിൽ ഞങ്ങൾക്കു പങ്കില്ല!

(വിദുരരുടെ ഫോൺ: 994610 82210