
തിരുവനന്തപുരം: ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതോടെ പദവികൾ ഇല്ലാത്ത അവസ്ഥയിലായതിനാലാണ് രാഷ്ട്രീയം മതിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാനും സാദ്ധ്യതയുണ്ടത്രേ. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന ചിന്തയിലാണെന്ന് അദ്ദേഹം സമീപകാലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.അതിനിടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയേക്കും എന്നും കേൾക്കുന്നുണ്ട്. എന്നാൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.
അതേസമയം, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ പാർട്ടി നപടിയെക്കുറിച്ച് പ്രതികരിക്കാൻ ഇപി ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹം ഇപ്പോൾ കണ്ണൂരിലെ വീട്ടിലാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലാണെന്നും മാദ്ധ്യമങ്ങളെ കാണാൻ തയ്യാറാകുമ്പോൾ അറിയിക്കാമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തുടർ പ്രവർത്തനങ്ങൾ തീരുമാനിച്ചുറപ്പിച്ചശേഷം മാത്രമാകും അദ്ദേഹം മാദ്ധ്യമങ്ങളെ കാണുക എന്നും കേൾക്കുന്നുണ്ട്. എന്നാൽ അത് എപ്പോഴുണ്ടാകുമെന്ന് വ്യക്തതയില്ല. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നത നേതാക്കളിലൊരാൾ എന്നനിലയിൽ ഇപിയുടെ ഏത് തീരുമാനത്തിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഇപിക്കെതിരെയുള്ള നടപടി പാർട്ടി നേരത്തേ ആലോചിച്ചുറപ്പിച്ചതാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇന്നുമുതൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. സമ്മേളനങ്ങളിലേക്ക് കടന്നാൽ പാർട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം വരെ നടപടികളുണ്ടാകാറില്ല. ഇതിൽ നിന്നുതന്നെ നടപടി നേരത്തെ ആലോചിച്ചുറപ്പിച്ചതാണെന്ന് വ്യക്തമാണ്. വരുന്ന ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇപിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കും.
പവർഗ്രൂപ്പ് കൈവിട്ടതോടെ....
സിപിഎമ്മിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാൽ ഇപി ജയരാജനായിരുന്നു മുഖ്യൻ. കോടിയേരിയുടെ വിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടുമെന്ന് ഇപി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ അത് അപ്രതീക്ഷിതമായി അകന്നുപോവുകയായിരുന്നു. സെക്രട്ടറിസ്ഥാനം കിട്ടാതെ വന്നതോടെ പാർട്ടിയുമായി ഇടഞ്ഞുതുടങ്ങി. പോളിറ്റ് ബ്യൂറോയിലും അവസരം കിട്ടാത്തത് അകൽച്ച വർദ്ധിപ്പിച്ചു. പാർട്ടി സമ്മേളനങ്ങളിലും പാർട്ടി പരിപാടികളിൽ വിട്ടുനിന്നും പലപ്പോഴും അദ്ദേഹം നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു.
മന്ത്രിയായിരിക്കുമ്പോഴുണ്ടായ ബന്ധുനിയമന വിവാദം തൊട്ടാണ് ഇ.പിക്ക് കഷ്ടകാലം തുടങ്ങിയത്. ഇതോടെ പാർട്ടിയിലെ പവർ ഗ്രൂപ്പായ കണ്ണൂർ ലോബിയുടെ പിന്തുണ കുറഞ്ഞുതുടങ്ങി. ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സംസ്ഥാനസമിതിയിൽ ഉന്നയിച്ചത് പി.ജയരാജനാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. സ്വന്തം തട്ടകത്തിൽ നിന്നുള്ള നേതാക്കളുടെ മാത്രമല്ല പ്രവർത്തകരുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. നേതൃപദവിയിലെ ചുമതലകൾ മൂലം ദീർഘകാലം കണ്ണൂരിൽ സജീവമല്ലാതിരുന്നതിനാലാവാം ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
ബന്ധുനിയമനമുൾപ്പെടെയുള്ള വിവാദങ്ങൾ കത്തിക്കാളിയപ്പോൾ കൂടെ ആരും ഇല്ലാത്തതിന്റെ വിഷമം കാര്യമായി അദ്ദേഹം അറിഞ്ഞു. പിന്തുണ പ്രതീക്ഷിച്ചിരുന്ന കേന്ദ്രങ്ങളിൽ നിന്നുപോലും ഒരു ഘട്ടത്തിലും അനുകൂല ശബ്ദം ഉയർന്നില്ല. പുതുതലമുറ സൈബർ സഖാക്കളുടെയടക്കം കടന്നാക്രമണവും ഉണ്ടായി. അപ്പോഴൊന്നും നേതൃത്വത്തിൽ നിന്ന് ഇപിക്ക് അനുകൂലമായി ഒരു ചെറുശബ്ദംപോലും ഉയർന്നില്ല.