simi

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടിയിലെ തന്റെ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്‌ബെൽ ജോൺ രംഗത്തെത്തി. ഒരു സ്വകാര്യ ചാനലിലാണ് സിമി പ്രതിപക്ഷനേതാവിനെതിരെ ആഞ്ഞടിച്ചത്. അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നുപറയേണ്ടിവരുമെന്ന മുന്നറിയിപ്പും അവർ നൽകി.

കെപിസിസി പ്രസിഡന്റ് അടക്കം മ​റ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവും കൂട്ടരും നിരന്തരം ശ്രമിക്കുന്നു. ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എന്റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്റെ അനുവാദം വേണോ? പതിനഞ്ചോ പതിനേഴോ വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിൽ വന്ന ഹൈബി ഈഡന്റെ അനുവാദം വേണോ? എനിക്ക് അർഹതയില്ലേ?എന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതും മാദ്ധ്യമ വിഭാഗത്തിന്റെ ചുമതല നൽകിയതും എന്നെ ഒഴിവാക്കാൻ വേണ്ടിയാണ് . വേറൊരു പാർട്ടിയിലാണെങ്കിൽ സമ്മതിക്കുമോ? സ്ഥാനാർത്ഥിയെ തോൽപിക്കാൻ നടന്നു. എൽഡിഎഫിന് ചോർത്തിക്കൊടുത്തു. പാർട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?' സിമി ചോദിച്ചു.

വീട്ടിലിരിക്കാൻ തന്നോട് സതീശൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ തുറന്നുപറഞ്ഞതിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ആരോപണങ്ങളോട് പാർട്ടി കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടില്ല.