iphones

ന്യൂ‌ഡൽഹി: ഹെെദരാബാദിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പോവുകയായിരുന്നു ട്രക്കിൽ നിന്ന് 12കോടി രൂപയുടെ 1600 ഐഫോണുകൾ മോഷണം പോയതായി പരാതി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വച്ചാണ് കവർച്ച നടന്നത്. പ്രതികളിൽ ഒരു സെക്യൂരിറ്റി ഗാർഡും ഉണ്ടെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 15നാണ് കവർച്ച നടന്നത്. സംഭവം പൊലീസിൽ അറിയിച്ചെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. 15 ദിവസത്തിന് ശേഷമാണ് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്നും ആരോപണമുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ കൂട്ടാളികളുടെ സഹായത്തോടെ ട്രക്ക് ഡ്രെെവറുടെ കെെകളും കാലുകളും കെട്ടിയിട്ട ശേഷം ഫോണുകൾ മോഷ്ടിക്കുകയായിരുന്നു.

'ലഭിച്ച വിവരം അനുസരിച്ച് ഓഗസ്റ്റ് 14നാണ് ഹെെദരാബാദിൽ നിന്ന് ഐഫോണുകളുമായി UP 14 PT 0103 എന്ന ട്രക്ക് പുറപ്പെട്ടത്. ട്രക്കിൽ ഡ്രെെവറോടൊപ്പം ഒരു സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നു. പകുതിവച്ച് ചായ കുടിക്കാൻ നിർത്തിയപ്പോൾ ഈ സെക്യൂരിറ്റി ജീവനക്കാരൻ ഒരു സുഹൃത്തിനെ ഡ്രെെവർക്ക് പരിചയപ്പെടുത്തി കൊടുത്തു.

ശേഷം മൂവരും ചേർന്നാണ് യാത്ര തിരിച്ചത്. രാത്രി ഉറങ്ങാൻ ഡ്രെെവർ ട്രക്ക് റോഡിന് അടുത്തായി നിർത്തി. അടുത്ത ദിവസം ഉണർന്ന ഡ്രെെവർ കണ്ടത് തന്നെ കെട്ടിയിട്ടിരിക്കുകന്നതാണ്. ട്രക്കിന്റെ വാതിലും തുറന്നുകിടക്കുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൊബെെൽ ഫോണുകൾ നഷ്ടപ്പെട്ടത് അറിയുന്നത്',​- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതി ലഭിച്ചിട്ടും അനാസ്ഥ കാണിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.